ചാത്തന്നൂർ: കല്ലുവാതുകൾ ഗ്രാമ പഞ്ചായത്തംഗത്തിനെയും ഭാര്യയെയും ആറംഗ സംഘം ആക്രമിച്ചു.പുതിയ പാലം വാർഡംഗവും കോൺഗ്രസ്സ് നേതാവുമായ തെറ്റിക്കുഴി കുട്ടാട്ട്കോണം എസ്.സന്തോഷ് കുമാർ(45) നും ഭാര്യ രാജി (35)ക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഇവർ പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി 9.45ന് ആയിരുന്നു സംഭവം.
സന്തോഷിന്റെ വീടിനുമുന്നിലുളള റോഡിൽ നിന്ന് ആറംഗ സംഘം അസഭ്യം പറയുകയും ഒച്ചയുണ്ടാക്കുയും ചെയ്തു.ഇത് ചോദ്യം ചെയ്ത ഗ്രാമ പഞ്ചായത്തംഗത്തെ അക്രമികൾ അടിച്ചു.വീടിന്റെ ഗേറ്റിനുളളിലേക്ക് കടന്നപ്പോൾ പിന്നാലെ ചെന്ന് വീണ്ടും ആക്രമിച്ചു.ഇത് കണ്ട് തടസം പിടിക്കാനെത്തിയ രാജിയുടെ കരണത്ത് അടിയ്ക്കുകയും പിടിച്ചു തളളുകയും ചെയ്തു.നിലത്ത് വീണ രാജിയുടെ കാലിന്റെ മുട്ടിന് പരിക്കേറ്റു.
ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞ സന്തോഷിന്റെ കണ്ണിന് ഇടിക്കുകയും തുടർന്ന് ആറുപേരും ചേർന്ന് മർദ്ദിക്കുകയും ചെയ്തു.ഇതു കണ്ട് സന്തോഷിന്റെ മക്കൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപെട്ടു.സന്തോഷിന്റെ കണ്ണിന് രണ്ട് ശസ്ത്രിക്രിയ കഴിഞ്ഞതാണ് .
ഇടിയുടെ ആഘാതത്തിൽ കണ്ണിന് വേദനയും പുകച്ചിലും ഉണ്ടായതിനെ തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാരിപ്പളളി പൊലീസെത്തി സന്തോഷിന്റെ മൊഴിയെടുത്തു.ചിറക്കര സ്വദേശി രതീഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.