തിടനാട്: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബപ്രശ്നത്തിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ യുവാവിനെ പോലീസ് അതിക്രൂരമായി മര്‍ദിച്ചെന്നു പരാതി. തിടനാട് കുന്നുംപുറത്ത് മതിയത്ത് എം.കെ. ഷാമോനെ (38)യാണ് പോലീസുകാര്‍ മണിക്കൂറുകളോളം മര്‍ദിച്ചെന്നു പരാതി. ഷാമോന്റെ പക്കലുണ്ടായിരുന്ന രണ്ടു വയസുള്ള കുട്ടിയെ പോലീസ് പിടിച്ചുവാങ്ങി കുട്ടിയുടെ കണ്മുമ്പിലായിരുന്നു മര്‍ദനമെന്നാണ് ആരോപണം.
മര്‍ദനത്തില്‍ പരിക്കേറ്റ ഷാമോനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 നാണു സംഭവം. സംഭവത്തെത്തുടര്‍ന്നു യുവാവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി, പോലീസ് കംപ്ലയ്ന്റ് അഥോറിറ്റി, മനുഷ്യാവകാശ കമ്മീഷന്, പ്രതിപക്ഷനേതാവ് തുടങ്ങിയവര്‍ക്കു പരാതി നല്കി.അതേസമയം, പോലീസ് പറയുന്നത് ഇങ്ങനെ: മദ്യലഹരിയില്‍ സ്റ്റേഷനിലെത്തിയ ഷാമോന് ബഹളം വയ്ക്കുകയും പോലീസുകാരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടര്‍ന്നു പോലീസ് മര്‍ദനമെന്ന പേരില്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.