പത്തനംതിട്ട: പട്ടികജാതിക്കാരനായ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പുറമറ്റം കവുങ്ങും പ്രയാര്‍ അടവി മന്നത്ത് സന്ദീപ് ബാബു (30) വിനെയാണ് കോയിപ്രം പോലീസ് അകാരണമായി മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്.
കഴിഞ്ഞ 10 ന് വൈകുന്നേരം ആറിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി സന്ദീപിനെ കോയിപ്രം പോലീസ് റോഡില്‍ നിന്ന് പിടിച്ചു കൊണ്ട് പോകുകയും സ്റ്റേഷനിലെത്തിച്ച് എസ്ഐ രാകേഷിന്റെ നേതൃത്വത്തില്‍ അകാരണമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.ഒരു വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ വലതുകാലിലെ മുട്ടിന് പരിക്കേറ്റതിനാല്‍ സന്ദീപിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്.
പ്രായമായ മാതാപിതാക്കളെ സന്ദീപാണ് സംരക്ഷിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ ജാമ്യമെടുക്കാനെത്തിയ പിതാവ് ബാബുവിനോട് കേസൊന്നും ചാര്‍ജ് ചെയ്യുന്നില്ലെന്നും വിട്ടയയ്ക്കുകയാണെന്നും പോലീസ് പറഞ്ഞു. വീട്ടിലെത്തിയപ്പോഴാണ് മര്‍ദന വിവരം സന്ദീപ് വെളിപ്പെടുത്തിയത്.
ശരീര വേദന സഹിക്കാന്‍ വയ്യാതെ തൊട്ടടുത്ത ദിവസം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ശാരീരികവും മാനസികവുമായി തളര്‍ന്ന യുവാവ് ഇപ്പോള്‍ ചികിത്സ തുടരുകയാണ്.