അമ്പലപ്പുഴ: പോലീസിനെതിരേ സമൂഹമാധ്യമങ്ങളിൽ എഴുതിയ യുവാവിനെ കള്ളക്കേസിൽ കുരുക്കി മർദിച്ചെന്ന് ആക്ഷേപം. അമ്പലപ്പുഴ പോലീസിനെതിരെയാണ് തൈച്ചിറ സ്വദേശിയായ യുവാവ് ആരോപണം ഉന്നയിക്കുന്നത്.
പുറക്കാട് തൈച്ചിറയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടി എസ് കനാലിൽനിന്നും മണൽ ഡ്രഡ്ജ്ജ് ചെയ്യാൻ യന്ത്രസാമഗ്രികളുമായി വള്ളം എത്തിയിരിക്കുന്ന വിവരം അറിഞ്ഞ് അമ്പലപ്പുഴ പോലീസ് എത്തി. ഈ സമയം ജീവകാരുണ്യ പ്രവർത്തകനായ യുവാവും സ്ഥലത്തെത്തി. പോലീസ് യന്ത്രവും വള്ളവും കസ്റ്റഡിയിൽ എടുത്തു.
യുവാവിന്റെ സഹായത്താലാണ് കസ്റ്റഡിയിൽ എടുത്ത യന്ത്രവും മറ്റ് ഡ്രജ്ജിങ് സാമഗ്രികളും വാഹനത്തിൽ കയറ്റിയത്.
സാമഗ്രികൾ കസ്റ്റഡിയിൽ എടുത്തതിനായി സാക്ഷിനിൽക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ പിറ്റേന്ന് സ്റ്റേഷനിൽ വിളിച്ച് വരുത്തി.
യുവാവ് എത്തിയപ്പോഴേക്കും അഴിമതി ആരോപണവിധേയനായ പോലീസുകാരൻ സ്റ്റേഷനിൽ ഉണ്ടായിരുന്നു. തുടർന്നാണ് തന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ അടിത്തറ നിറക്കാൻ കനാലിൽനിന്നും മണൽ ഡ്രഡ്ജ്ജ് ചെയ്തെന്നാരോപിച്ച് പോലീസുകാരൻ മർദ്ദിക്കുകയും കള്ളക്കേസിൽപ്പെടുത്തുകയും ചെയ്തതെന്ന് യുവാവ് പറയുന്നു.
കോവിഡ് വ്യാപനനിയന്ത്രണത്തിന്റെ പേരിൽ അമ്പലപ്പുഴ പോലീസ് ബാരിക്കേഡുകൾകൊണ്ട് വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ വാഹനയാത്രക്കാരിൽ നിന്നും പണപ്പിരിവ് നടത്തുന്നതായ വിവരം യുവാവ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനാണ് തന്നെ മർദ്ദിച്ചതെന്ന് യുവാവ് പറഞ്ഞു. മർദ്ദിക്കുന്ന സമയം സ്റ്റേഷനിലെ സിസിടിവി കാമറ തിരിച്ചു വെച്ചതായും യുവാവ് ആരോപിച്ചു. യുവാവിനെ കള്ളക്കേസിൽ കുരുക്കി മർദിച്ച സംഭവത്തിൽ ദളിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.