ഇടുക്കി: വീട്ടമ്മയെ തല്ലുന്നതു തടയാനെത്തിയ എസ്ഐയെ കൈയേറ്റം ചെയ്ത പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഭർത്താവ് മർദിക്കുന്നതായി പോലീസ് സ്റ്റേഷനിൽ വീട്ടമ്മ വിളിച്ചറിയച്ചതനുസരിച്ച് അന്വേഷിക്കാൻ പോയ കട്ടപ്പന എസ്ഐ ഡി.സുരേഷിനാണ് മുഖത്തടിയും മർദനവുമേറ്റത്.
സംഭവത്തിൽ കാഞ്ചിയാർ ലബ്ബക്കട കൽത്തൊട്ടി ചിരട്ടവയലിൽ സന്തോഷ് സെബാസ്റ്റ്യനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പോലീസ് ഉദ്യോഗസ്ഥനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം.
ഭർത്താവ് മദ്യപിച്ചെത്തി നിരന്തരം വഴക്കുണ്ടാക്കുന്നതായി യുവതി പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്നാണ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷും മറ്റ് രണ്ടു പോലീസ് ഉദ്യോഗസ്ഥരും ഇവിടേയ്ക്ക് എത്തിയത്.
ഈ സമയം യുവതി നിലവിളിച്ചു കൊണ്ട് റോഡിൽ നിൽക്കുകയായിരുന്നു.തുടർന്ന് വീട്ടിനുള്ളിൽ കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയ സന്തോഷിനെ പോലീസ് വാഹനത്തിലേയ്ക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ എസ്ഐയെ ആക്രമിക്കുകയായിരുന്നു.
മുഖത്തടിക്കുകയും മർദിക്കുകയും ചെയ്തു. ഉടനെ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റി. പിന്നീട് എസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.