കൽപ്പറ്റ: ഭയന്നോടിയ ആദിവാസി യുവാവിനെ പിന്തുടർന്നു പിടിച്ച് മർദിച്ച കന്പളക്കാട് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കൂടോത്തുമ്മൽ ജനകീയ സമിതി പരാതി നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
കൂടോത്തുമ്മലിൽ കൂലിപ്പണിയെടുക്കുന്ന പുൽപ്പള്ളി അരിയക്കോട് പണിയക്കോളനിയിലെ ഷിബുവിനെയാണ്(29) എസ്ഐ മർദിച്ചത്. ബുധനാഴ്ച സന്ധ്യയോടെയാണ് എസ്ഐയും രണ്ടു പോലീസുകാരും കൂടോത്തുമ്മലിൽ എത്തിയത്. യൂണിഫോമിലുള്ള പോലീസുകാരെ കണ്ടുഭയന്ന ഷിബു താമസിക്കുന്ന ഷെഡ്ഡിൽനിന്നു ഇറങ്ങിയോടി.
പിന്തുടർന്ന എസ്ഐ ഷിബുവിനെ പിടികൂടി മർദിക്കുകയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോകുകയുമായിരുന്നു. സംഘടിച്ച് സ്റ്റേഷനിലെത്തിയ പ്രദേശവാസികൾ ഷിബുവിനെ ഓടിച്ചുപിടിച്ച് മർദിച്ചതിന്റെ കാരണം തിരക്കിയപ്പോൾ പോലീസിനെ കണ്ടാൽ ഓടരുതെന്നും മറ്റുമുള്ള മുടന്തൻ ന്യായങ്ങളാണ് അധികാരികൾ പറഞ്ഞത്.
നിരപരാധിയായിട്ടും രണ്ടുപേരുടെ ജാമ്യത്തിലാണ് ഷിബുവിനെ സ്റ്റേഷനിൽനിന്നു വിട്ടത്. പരിക്കേറ്റ ഷിബു കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് നടപടിക്കെതിരെ പട്ടികവർഗ കമ്മീഷൻ, മാനന്തവാടി എംഎൽഎ ഒ.ആർ. കേളു എന്നിവർക്കും പരാതി നൽകാനാണ് ജനകീയസമിതിയുടെ തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.