കണ്ണപുരം: പറശിനിക്കടവ് ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ യുവാക്കൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു.
സംഘർഷത്തിൽ ഇടപെട്ട പോലീസിനെയും യുവാക്കൾ ആക്രമിച്ചു. ഇന്നലെ രാത്രി 9.30 ഓടെ ധർമശാല കെൽട്രോൺ നഗറിലായിരുന്നു സംഭവം. പറശിനിക്കടവിൽ ക്ഷേത്രദർശനം നടത്തിയശേഷം സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകുന്നതിനിടെയാണു സംഘർഷമുണ്ടായത്.
യുവാക്കൾ തമ്മിലുള്ള സംഘർഷത്തിൽ നാട്ടുകാർ ഇടപെട്ടപ്പോൾ സംഘം നാട്ടുകാർക്കു നേരെയും തിരിഞ്ഞു. തുടർന്ന് നാട്ടുകാർ പോലീസിന്റെ എമർജൻസി കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു.
ഉടൻതന്നെ എമർജൻസി കൺട്രോൾ റൂമിൽ നിന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക്ക് ഫോൺകോൾ എത്തുകയും കണ്ണപുരത്തുനിന്ന് എഎസ്ഐ റഷീദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
സംഘം പോലീസിനു നേരേയും തിരിഞ്ഞു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇവരെ കീഴടക്കിയത്. പത്തനംതിട്ട അടൂർ സ്വദേശി ജി. അരുൺ (30), കെ. രതീഷ് (36) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കും.