വെള്ളൂർ: വാഹന പരിശോധനയ്ക്കിടെ പോലീസിനെ ഉൗതിക്കാൻ ശ്രമിച്ച നാലു യുവാക്കൾ കുടുങ്ങി. പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തി പോലീസുകാരെ കയ്യേറ്റം ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളൂർ സ്റ്റേഷനിലെ എഎസ്ഐയെ ഉൗതിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
മൂർക്കോട്ടുപടി- വെള്ളൂർ റോഡിലെ മനയ്ക്കപ്പടി ഭാഗത്ത് ഇന്നലെ രാത്രിയാണ് സംഭവം. പോലീസ് വാഹന പരിശോധന നടത്തവേ കാറിലെത്തിയ നാലു പേരോട് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഉൗതാൻ പറഞ്ഞു.
അപ്പോൾ കാറിലെത്തിയവർ തിരിച്ച് പോലീസിനോട് ഉൗതാൻ ആവശ്യപ്പെട്ടു. ഇതേ ചൊല്ലിയുണ്ടായ സംഘർഷത്തിൽ വെള്ളുർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മാധവന്റെ യൂണിഫോം വലിച്ചുകീറി. സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹനനെയും കയ്യേറ്റം ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കടുത്തുരുത്തി സ്വദേശികളായ നാലു പേരെ പോലീസ് അറ്സറ്റു ചെയ്തു. പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനാണ് കേസ്. കുടുത്തുരുത്തി സ്വദേശികളായ സജി (42), സഹോദരൻ ഷിബു (45), അനന്തു (23), ജിബിൻ (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഘർഷം നിയന്ത്രിക്കാനാവാതെ വന്നതോടെ വിവരമറിഞ്ഞ് എസ്ഐ കെ.ആർ. മോഹൻദാസിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തത്.