കൂറ്റനാട്: വാവനൂർ ചാലിപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് അകാരണമായി മർദിച്ച് പരിക്കേല്പിച്ചതായി പരാതി. കട്ടിലം പള്ളിയാലിൽ മൊയ്തുണ്ണിയുടെ മകൻ അഷറഫിനാണ് (34) ചാലിശേരി പോലീസിന്റെ മർദനത്തിൽ പരിക്കേറ്റതായി പരാതി നല്‍കിയത്.
ഇതുസംബന്ധിച്ച് അഷറഫ് മുഖ്യമന്ത്രി, ഡിജിപി, എസ്പി, യുവജന കമ്മീഷൻ എന്നിവർക്ക് പരാതി നല്കി. പരാതിയിൽ പറയുന്നതിങ്ങനെ: ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനടുത്തുള്ള കടയിൽനിന്നും സാധനങ്ങൾ വാങ്ങിവരുന്പോൾ ചാലിശേരി എസ്ഐയും, നാലു പോലീസുകാരും ചേർന്ന് ജീപ്പിൽ കയറ്റുകയും മർദിക്കുകയും ചെയ്തു.
കൂടെയുണ്ടായിരുന്ന രണ്ടുപേരെയും പിടിച്ചു ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി. സ്റ്റേഷനിൽ തനിച്ചൊരു മുറിയിൽ കൊണ്ടുപോയി വീണ്ടും മർദിച്ചു. മുടി കുത്തിപ്പിടിക്കുകയും കൈമുട്ട്, കാൽമുട്ട്, കൈകൾ എന്നിവ ഉപയോഗിച്ചു മുഖത്തും പുറത്തും ഇടിക്കുകയും ചെയ്തു.
രാത്രി ഒന്‍പതരയോടെ പട്ടാന്പി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കൃത്യനിർവഹണത്തിന് തടസമുണ്ടാക്കിയെന്ന കുറ്റത്തിന് കേസെടുത്തു ജാമ്യത്തിൽ വിട്ടു.പിന്നീട് കൂറ്റനാട്ടും പട്ടാന്പിയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കടുത്തവേദന, മൂത്രതടസം എന്നിവമൂലം രാത്രി ഒന്നിന് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്കു മാറ്റി. നട്ടെല്ലിന് ക്ഷതമേറ്റതായി ഡോക്ടർമാർ പറഞ്ഞതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.