പാലക്കാട്: ഓട്ടോ ഡ്രൈവർമാരുടെ മർദനമേറ്റ് മൂന്നു പോലീസുകാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഓട്ടോ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. ദേശീയ ഫുട്ബോൾ മത്സരത്തിനു പരിശീലനം കഴിഞ്ഞു മടങ്ങിയ പോലീസ് ടീമിലെ മൂന്നു താരങ്ങൾക്കാണ് മർദനമേറ്റത്. കല്ലേക്കാട് എആർ ക്യാന്പിലെ ശരണ്‍ (31), ക്യാന്പ് ഫോളോവർ അമീർ (33), കണ്ണൂർ എആർ ക്യാന്പിലെ അഭിജിത്ത് (29) എന്നിവരാണ് ചികിത്സയിലുള്ളത്. മർദ്ദനത്തിൽ അമീറിന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്.
പുലർച്ചെ ഒന്നോടെ ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. നിലന്പൂരിൽ നിന്നു ഫുട്ബോൾ പരിശീലനം പൂർത്തിയാക്കി ട്രെയിനിൽ തിരിച്ചെത്തിയതായിരുന്നു പോലീസുകാർ. കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകാനായി ഓട്ടോക്കാർ അമിത വാടക ചോദിച്ചപ്പോൾ സ്വകാര്യ വാഹനത്തിൽ പോകാനൊരുങ്ങിയ പോലീസുകാരെ ഓട്ടോ ഡ്രൈവർമാർ മർദിക്കുകയായിരുന്നെന്നാണ് പരാതി.
വിവരമറിഞ്ഞെത്തിയ കണ്ട്രോൾ റൂം പോലീസിലെ രണ്ടുപേർക്കു നേരെയും കൈയേറ്റ ശ്രമമുണ്ടായി. കൂടുതൽ പോലീസെത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രിയിലും ഓട്ടോ ഡ്രൈവർമാർ തടിച്ചുകൂടിയതു പിന്നീട് പ്രശ്നം സങ്കീർണമാക്കി. ഇതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി.
സംഭവത്തെക്കുറിച്ചു ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ റിപ്പോർട്ട് തേടിയിട്ടുണ്ട്. പോലീസുകാരാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടതെന്നു ഓട്ടോ ഡ്രൈവർമാരും ആരോപിച്ചു. ഇവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഓട്ടോക്കാരുടെ ആവശ്യം.