കറുകച്ചാല്‍: കറുകച്ചാല്‍ കൂത്രപ്പള്ളി പള്ളിക്കു സമീപം യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാടപ്പള്ളി മാമ്മൂട് കൊച്ചുറോഡ് ഭാഗത്ത് വലിയപറമ്പില്‍ വീട്ടില്‍ രാഹുല്‍ സുരേന്ദ്രന് (28), മാടപ്പള്ളി മാമ്മൂട് മാന്നില ഭാഗത്ത് കുന്നേല്‍ വീട്ടില്‍ അപ്പൂസ് എന്ന് വിളിക്കുന്ന ജസ്റ്റിന് ജോസഫ് (24), മാടപ്പള്ളി സ്വദേശി സെബിന് പി. സിബിച്ചന് (19), പത്തനംതിട്ട സ്വദേശി പി.ആര്. അമല്‍ രാജ് (19), മാടപ്പള്ളി സ്വദേശി വിവേക് വിനോദ് (18), മൂവാറ്റുപുഴ കല്ലൂര്‍ക്കാട് ഭാഗത്ത് നിരപ്പേല്‍ വീട്ടില്‍ ഗോപിക (23), തിരുവല്ല സ്വദേശി എം.എ. ആഷിഷ് (18), മാടപ്പള്ളി മാമ്മൂട് കണിച്ചുകുളം ഭാഗത്ത് ചിറയില്‍ വീട്ടില്‍ ക്രിസ്റ്റിന് രാജു (26), തിരുവല്ല സ്വദേശി സി.എസ്. സാജു (18), തിരുവല്ല കുറ്റൂര്‍ ഭാഗത്ത് ചിറ്റക്കാട്ട് വീട്ടില്‍ സഞ്ജുകുമാര്‍ (22) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
19ന് വൈകിട്ട് കറുകച്ചാല്‍ കൂത്രപ്പള്ളി പള്ളിയിലായിരുന്നു അടിപിടി നടന്നത്. റാസ നടന്നുകൊണ്ടിരിക്കുമ്പോള്‍ പള്ളിമുറ്റത്ത് പ്രശ്നമുണ്ടാക്കിയതിനെ അധികൃതര്‍ ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വിരോധത്തില്‍ ഇവര്‍ പള്ളിക്കു സമീപം റോഡില്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവ സ്ഥലത്തുനിന്നു വാഹനത്തില്‍ കടന്നുകളഞ്ഞു. പരാതിയിടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതികളെ പിടികൂടി.
ആഷിഷ്, ക്രിസ്റ്റിന് രാജു, സാജു, സഞ്ജുകുമാര്‍ എന്നിവരെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്. രാഹുല്‍ സുരേന്ദ്രന് തൃക്കൊടിത്താനം, പാമ്പാടി എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
രാഹുല്‍, ജസ്റ്റിന്, ഗോപിക എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. സെബിന്, അമല്‍രാജ്, വിവേക് എന്നിവരെ കോടതി ബോസ്റ്റണ്‍ സ്കൂളിലേക്ക് അയയ്ക്കുകയും ചെയ്തു.