ഗോഹട്ടി: ആസാമിലെ ദാരംഗ് ജില്ലയിൽ പോലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്ന് സഹോദരിമാരെ വസ്ത്രം ഉരിഞ്ഞെടുത്ത് അപമാനിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ.
പോലീസ് മർദനത്തെ തുടർന്ന് ഗർഭം അലസിയതായി യുവതികളിലൊരാൾ പരാതിയിൽ പറയുന്നു. ബുർഹ പോലീസ് ഔട്ട്പോസ്റ്റ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനേയും വനിതാ കോൺസ്റ്റബിളിനെയുമാണ് സസ്പെൻഡ് ചെയ്തത്.
സിപാജഹ്ർ പോലീസ് സ്റ്റേഷനിൽ യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. പോലീസ് സ്റ്റേഷനിൽ തങ്ങൾക്ക് അനുഭവിക്കേണ്ടിവന്ന ദുരവസ്ഥ സ്വകാര്യ ടെലിവിഷൻ ചാനലിൽ സഹോദരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഈ മാസം ഒമ്പതിന് ഗോഹട്ടിയിലെ സത്ഗാവിലെ വസതിയിൽ നിന്നാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് യുവതികൾ പറയുന്നു. സഹോദരനെ തട്ടിക്കൊണ്ടുപോയെന്ന മറ്റൊരു സ്ത്രീയുടെ പരാതിയിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭർത്താവിനും രണ്ട് സഹോദരിമാർക്കുമൊപ്പമാണ് ദാരംഗിലെ ബുർഹ പോലീസ് ഔട്ട്പോസ്റ്റിലേക്ക് കൊണ്ടുവന്നത്. ഭർത്താവിന്റെയും തങ്ങൾ മൂന്നു പേരുടേയും വസ്ത്രം ഉരിഞ്ഞെടുത്ത് മർദിച്ചു. സ്റ്റേഷന്റെ ചുമതയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടിയാണ് തങ്ങളെ പീഡിപ്പിച്ചതെന്നും ഗർഭിണിയാണെന്നുപോലും പരിഗണിച്ചില്ലെന്നും പരാതിയിൽ പറയുന്നു.