കാട്ടാക്കട: ഓൺലൈനിൽ പഠിച്ചു കൊണ്ടിരുന്ന നാല് പ്ലസ് വൺ വിദ്യാർത്ഥികളെ പോലീസ് തല്ലിച്ചതച്ച സംഭവം വിവാദത്തിലേക്ക്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കം നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇന്നലെ സംസ്ഥാന ബാലവകാശ കമ്മീഷനും പോലീസ് നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തതിനെത്തുടർന്നാണ് ഇവർക്കെതിരെ നടപടി എടുക്കുന്നത്.
കാട്ടാക്കട സിഐ, എസ്.ഐ എന്നിവർക്കെതിരെ നടപടി വേണമെന്ന് പരക്കെ ആവശ്യമുയർന്നിട്ടുണ്ട്. രക്ഷിതാക്കളും ഈ ആവശ്യം മുന്നോട്ടു വയ്ക്കുന്നുണ്ട്. സ്ഥലം എം എൽ എ ഐ.ബി സതീഷും കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിലാണ് നടപടിയ്ക്ക് സാധ്യത.
കേബിൾ ഉപയോഗിച്ചു മർദനം
കഴിഞ്ഞ ദിവസം 17വയസുള്ള കുട്ടികളെ മുതുകിലും തുടയിലും കാലിലുമൊക്കെ പോലീസ് കേബിൾ വയർ ഉപയോഗിച്ച് മൃഗീയമായി മർദിച്ചത് മാതാപിതാക്കളുടെ മുന്നിലിട്ട്.കഞ്ചാവ് കച്ചവടമാണോടാ, അശ്ലീല വീഡിയോ കാണുകയായിരുന്നോ എന്നിങ്ങനെ ആക്രോശിച്ചും, അസഭ്യം വിളിച്ചുമായിരുന്നു മർദ്ദനം.
വീടിനുള്ളിൽ മൊബൈൽ റെയ്ഞ്ചില്ലാത്തതിനാൽ സമീപത്ത് അഞ്ചുതെങ്ങിൻമൂട് യോഗേശ്വര ക്ഷേത്രത്തിലെ പടികെട്ടിലാണ് കുട്ടികൾ പഠിച്ചു കൊണ്ടിരുന്നത്. ക്ഷേത്രത്തിന് ഇരുവശത്തെയും റോഡിലൂടെ എത്തിയ കാട്ടാക്കട പോലീസാണ് കുട്ടികളെ മർദിച്ചത്.
ഒാട്ടത്തിനിടെ കാൽതെറ്റി വീണുപോയ കുട്ടിയെ തറയിലിട്ട് ചവിട്ടി. സംഭവം കണ്ട് ഓടിയെത്തിയ ഒന്നുരണ്ട് കുട്ടികളുടെ മാതാപിതാക്കൾ പോലീസിനോട് കുട്ടികളെ തല്ലരുത് എന്നും അവർ പഠിക്കാൻ ഇരുന്നതാണെന്ന് പറഞ്ഞെങ്കിലും ഇവരെയും അസഭ്യം പറഞ്ഞു ആട്ടി പായിച്ചു.
മർദനത്തിന്റെ പാടുകൾ
മർദ്ദിച്ച് അവശരാക്കിയ കുട്ടികളെ ജീപ്പിൽ കയറ്റി പലയിടത്തും കറങ്ങിയ ശേഷം സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെയും അസഭ്യവർഷവും കാലിൽ മർദിക്കുകയും ചെയ്തതായി കുട്ടികൾ പറയുന്നു.
വൈകിട്ടോടെ സ്റ്റേഷനിൽ എത്തിച്ച കുട്ടികളെ രക്ഷിതാക്കളെ വരുത്തി അവർക്കൊപ്പം വിട്ടു. വീട്ടിൽ എത്തിയ ശേഷമാണ് കുട്ടികൾ വിശദമായി കാര്യങ്ങൾ പറഞ്ഞതും രക്ഷകർത്താക്കൾ ഇവരുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ടതും.
കടുത്ത ശരീരവേദനയും നീരും വന്നതോടെ കുട്ടികളെ രക്ഷിതാക്കൾ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി.
മർദിച്ചിട്ടില്ലെന്ന നിലപാടിൽ പോലീസ്!
കമ്മീഷൻ സ്ഥലത്തെത്തി കുട്ടികളുടെ മൊഴിയെടുത്തിട്ടുണ്ട്. അവർ പോലീസിനോട് വിശദീകരണം ചോദിച്ചു. തങ്ങൾ മർദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാൽ കുട്ടികളെ മർദ്ദിക്കാൻ ഉപയോഗിച്ച കട്ടികൂടിയ കേബിൾ വയർ കാട്ടാക്കട പോലീസിന്റെ ജീപ്പിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കടുത്ത നിയമലംഘനമാണ് പോലീസ് കാട്ടിയതെന്ന് ബാലാവകാശകമ്മീഷൻ പറഞ്ഞു. ഇന്നലെ സ്ഥലത്തെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും അവരുടെ ദേഹത്തുള്ള പരിക്ക് പരിശോധിക്കുകയും ചെയ്തിനുശേഷമാണ് കേസ്സെടുക്കാൻ നിർദ്ദേശിച്ചത്. കാട്ടാക്കട സിഐ, എസ്ഐ എന്നിവർക്കെതിരേയാണ് പരാതി.