മാഹി: മാഹി തീരദേശത്ത് ഇന്നലെ വൈകുന്നേരം മത്സ്യതൊഴിലാളികളും തീരദേശ പോലീസുമുണ്ടായ സംഘർഷത്തിൽ മത്സ്യതൊഴിലാളിയെ മർദ്ദിച്ച കോസ്റ്റൽ എസ്ഐ പി.ജയരാജനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി വൈകിയാണ് പുതുച്ചേരി ഡിജിപി സുനിൽ ഗൗതമിന്റെ ഉത്തരവ് മാഹി പോലീസ് സൂപ്രണ്ട് എസ്. രാധാകൃഷ്ണയ്ക്ക് ലഭിച്ചത്.
കൊയിലാണ്ടിയിൽ നിന്ന് മാഹി കടലിൽ മത്സ്യബന്ധനത്തിനായി എത്തിയവരുടെ ബസുകൾ പാർക്ക് ചെയ്തത് നീക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്. വാക്കേറ്റത്തിനിടെ മത്സ്യതൊഴിലാളിയായ പൂഴിത്തല അഴിയിട്ട വളപ്പിൽ നകുലനെയാണ് എസ്ഐ മർദ്ദിച്ചത്. ഇയാളെ മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി മാഹി മണ്ഡലം കമ്മിറ്റി മാഹി മേഖലയിൽ ഇന്നു രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ ആചരിക്കുകയാണ്. കടകന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.