ഹരിപ്പാട്:സൈനികന്റ വിധവയെ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വീട്ടിൽ കയറി കയ്യേറ്റം ചെയ്ത പരാതിയിൻ മേൽ കനകക്കുന്ന് പോലീസ് കേസെടുത്തു.
കണ്ടല്ലൂർ തെക്ക് വിനുഭവനത്തിൽ പ്രസന്നയുടെ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എൻ.ജി.ഒ. യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി എ.എ.ബഷീർ, സഹോദരൻ ഹക്കിം, ഇദ്ദേഹത്തിന്റെ മകൻ നിയാസ്, ഗ്രാമപഞ്ചായത്തംഗം എം.രമ്യ എന്നിവർക്കെതിരെ കനകക്കുന്ന് പോലീസ് കേസെടുത്തത്.
രണ്ടാം തീയതി യാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രസന്നയുടെ വീടിന് ചുറ്റുമതിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുമായി തർക്കം നിലനിന്നിരുന്നു. ചുറ്റുമതിൽ കെട്ടാൻ ശ്രമിച്ചപ്പോൾ തടയാൻ ആണ് ബഷീറും ബന്ധുക്കളും വീട്ടിൽ അതിക്രമിച്ചു കയറിയത്. ഹക്കിം പ്രസന്നയുടെ അയൽവാസിയാണ്.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ല എന്ന് പ്രസന്ന ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ മകനെതിരെ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു എന്നാൽ അസഭ്യം പറഞ്ഞെന്ന പരാതി മാത്രമാണ് ലഭിച്ചതെന്നാണ് കനകക്കുന്ന് എസ്.ഐ. ജി.സുരേഷ്കുമാർ പറഞ്ഞത്.
ഇരുകൂട്ടരെയും വിളിച്ച് ഒത്തുതീർപ്പാക്കി വിട്ടതാണെന്നും മകനെതിരെ കളളക്കേസ്സെടുക്കുമെന്ന് പറഞ്ഞതിൽ വാസ്തവമില്ലെന്നും എസ്.ഐ. പറഞ്ഞു. സംഭവം വിവാദമായതോടെ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ വീണ്ടും പ്രസന്നയുടെ മൊഴിയെടുക്കാൻ കനകക്കുന്ന് എസ്.ഐ.ക്ക് നിർദ്ദേശം നൽകി.
തുടർന്നാണ് ബഷീറിനും ബന്ധുക്കൾ ക്കും എതിരെ പോലീസ് കേസെടുത്തത്.തർക്ക സ്ഥലത്ത് നിർമാണം നടത്തിയെന്നറിഞ്ഞാണ് താൻ അവിടെ ചെന്നതെന്നും പരാതി കെട്ടിച്ചമച്ചാതാണെന്നും ഗ്രാമപഞ്ചായത്ത് അംഗം രമ്യ പറഞ്ഞു.