പയ്യന്നൂര്‍: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പടക്കം പൊട്ടിച്ച് ആഘോഷിച്ച ബിജെപി പ്രവര്ത്തകന് മര്‍ദനമേറ്റു. പൂത്തൂര്‍ അമ്പലത്തിന് സമീപത്തെ ടാക്സി ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ മേലേത്ത് പ്രവീണിനാണ് (43)നാലംഗ സംഘത്തിന്റെ മര്‍ദനമേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കേന്ദ്രസര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിന്റെ ആഹ്ലാദത്തില്‍ വീടിന് സമീപത്തെ വയലില്‍ പ്രവീണും സുഹൃത്തുക്കളും ചേര്‍ന്ന് പടക്കം പൊട്ടിച്ചിരുന്നു.ഇതിന് ശേഷം ഓട്ടോടാക്സിയുമായി ടൗണില്‍ പോയി തിരിച്ച് വരുമ്പോള്‍ വീടിന് സമീപം വെച്ച് രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗസംഘം വാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തിനകത്തിട്ടും പുറത്തേക്ക് വലിച്ചിട്ടും മര്‍ദിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന പ്രവീണ്‍ പറയുന്നു.
ഓടി രക്ഷപ്പെട്ട് കുറ്റിക്കാട്ടിലൊളിച്ചുവെന്നും പിന്നീട് ബിജെപി പ്രവര്‍ത്തകനായ ജിനന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസാണ് പ്രവീണിനെ ആശുപത്രിയിലെത്തിച്ചത്. മുണ്ടും വസ്ത്രങ്ങളും മര്‍ദനത്തില്‍ കീറിപ്പറിഞ്ഞ നിലയിലാണ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇയാള്‍ സമീപകാലത്താണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും പടക്കം പൊട്ടിക്കാന്‍ കൂടെയുണ്ടായിരുന്നവരുടെ പേര് പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നും ഇയാള്‍ പറഞ്ഞു.