ഗാന്ധിനഗർ: പഞ്ചായത്തംഗത്തെ മുൻ പഞ്ചായത്തംഗത്തിന്റെ ഭർത്താവ് മർദിച്ച സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ആർപ്പുക്കര പഞ്ചായത്ത് 10-ാം വാർഡിലെ മെംബർ പ്രിൻസ് മാത്യൂവിനെയാണ് ഇതേ വാർഡിലെ മുൻ മെംബറുടെ ഭർത്താവ് സജി തെക്കേടം മർദിച്ചത്. ഇന്നലെ വൈകുന്നേരം അങ്ങാടിപ്പള്ളിയ്ക്കു സമീപമായിരുന്നു സംഭവം.
അങ്ങാടിപ്പള്ളിയ്ക്ക് സമീപം ടാറിംഗ് സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം പുകയും ദുർഗന്ധവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സമീപവാസികൾക്ക് പരാതി ഉണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം ടാറിംഗ് മാലിന്യങ്ങൾ കത്തിക്കരുതെന്ന് നാട്ടുകാർ പത്താം വാർഡിലെ മുൻ മെംബറുടെ ഭർത്താവായ സജിയോട് ആവശ്യപ്പെട്ടു.
ക്ഷുഭിതനായ സജി നാട്ടുകാരെ അസഭ്യം പറഞ്ഞു. ഇതറിഞ്ഞ് പത്താം വാർഡിലെ പുതിയ മെംബറായ പ്രിൻസ് മാത്യു അന്വേഷിക്കാൻ സ്ഥലത്തെത്തി. പ്രിൻസിനോടും സജി അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു.
പരിക്കേറ്റ പ്രിൻസിനെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രിൻസിനെ മർദ്ദിക്കുവാൻ കാരണം അന്വേഷിച്ചെത്തിയ ഒന്പതാം വാർഡ് മുൻ മെംബർ ഹരിയേയും സജി അസഭ്യം പറഞ്ഞു.
അങ്ങാടിപ്പള്ളി റോഡിൽ റേഷൻ വ്യാപാരം നടത്തുന്ന സജിയുടെ കടയുടെ സമീപത്ത് റോഡിന്റെ ഒരു വശത്ത് ഇട്ടാണ് മാലിന്യങ്ങൾ കത്തിക്കുന്നത്. ഇതിനെതിരെ നാട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല.