വൈപ്പിൻ: സ്വകാര്യ ബസിന്റെ അമിത വേഗതയും മത്സരയോട്ടവും ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ബസ് ജീവനക്കാർ മർദിച്ച സംഭവത്തിൽ പോലീസ് ഇന്ന് ബസ് ജീവനക്കാർക്കെതിരേ കേസെടുക്കും. പെരുമാൾപ്പടി പൂപ്പാടി വീട്ടിൽ വിപിൻ-25 ആണ് മർദനത്തിന് ഇരയായത്. ഇന്നലെ പുതുവൈപ്പിൽ വച്ചായിരുന്നു സംഭവം. പരിക്കേറ്റ വിപിനെ ഞാറക്കൽ ക്രിസ്തുജയന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈപ്പിൻ ഗോശ്രീ വഴി എറണാകുളം റൂട്ടിൽ ഓടുന്ന അല്ലപ്പറന്പ് ( കോമറേഡ്) എന്ന ബസിലെ ജീവനക്കാരാണ് മർദിച്ചത്. സാന്റാ ക്രൂസ് സ്കൂളിനു മുൻവശം ബസ് നിർത്തി ഡ്രൈവറും ഡോർചെക്കറും ചേർന്ന് വളഞ്ഞിട്ട് മർദിക്കുകയായിരുന്നു എന്ന് ആശുപത്രിയിൽ കഴിയുന്ന വിപിൻ പറയുന്നു. വൈപ്പിനിൽ സ്വകാര്യ ബസുകളുടെ അമിത വേഗതയിലും ജീവനക്കാരുടെ പെരുമാറ്റ ദൂഷ്യത്തിലും ഒട്ടേറെ പരാതികൾ ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നപടിയുമുണ്ടാകുന്നില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്.
പല ബസിലെയും ജീവനക്കാർ ഗുണ്ടകളെ പോലെയാണ് വിദ്യാർഥികളോടും മറ്റും പെരുമാറുന്നത്. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെഎസ്യു മുൻ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, എളങ്കുന്നപ്പുഴ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എച്ച്. നൗഷാദ്, ദളിത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി കെ.കെ. സുമേഷ് എന്നിവർ സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.