മങ്കൊന്പ്: കുടിവെള്ളം ശേഖരിക്കാനെത്തിയ പട്ടികജാതിയിൽപ്പെട്ട അമ്മയേയും മകനേയും അയൽവാസികൾ ആക്രമിച്ചതായി പരാതി. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് മൂശാരിത്തറ വീട്ടിൽ രാധാമണിയും മകൻ അമലുമാണ് ആക്രമണത്തിനിരയായെന്നു കാണിച്ച് പുളിങ്കുന്ന് പോലീസിൽ പരാതി നല്കിയത്.
സാക്ഷിപറയാ നെത്തിയവരെ പ്രതികൾ ഭീഷണിപ്പെടുത്തിയതായും ആരോപ ണമുണ്ട്. കാൻസർ കിത്സയിലായിരുന്ന വീട്ടമ്മ സംഭവത്തെ തുടർന്നു ശാരീരിക അവശതയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്തിൽനിന്നും ടാങ്കർലോറിയിൽ വിതരണത്തിനെത്തിച്ച കുടിവെള്ളം ശേഖരിക്കാനെത്തിയതായിരുന്നു ഇവർ. രണ്ടു കന്നാസുകളിൽ വെള്ളം നിറച്ച ഇവരെ മൂന്നാമത്തെ കന്നാസിൽ വെള്ളം നിറയ്ക്കുന്നതിൽ നിന്നും അയൽവാസികളും ലോറി ജീവനക്കാരും തടഞ്ഞത്രേ.
തുടർന്നുണ്ടായ വാക്കുതർക്കത്തിൽ അയൽവാസികളായ മൂന്നു ചെറുപ്പക്കാർ അമലിനെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ രാധാമണിയെയും അയൽവാസിയായ സ്ത്രീയും ഭർത്താവും ചേർന്ന് ആക്രമിച്ചു. ഇവർ പുളിങ്കുന്നു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ടു ഇരു കൂട്ടരും പരാതി നല്കിയെന്നു പോലീസ് പറഞ്ഞു.