ചവറ : വീട്ടിൽ അതിക്രമിച്ചെത്തിയ അയൽവാസിയുടെ അടിയേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പന്മന നടുവത്ത്ച്ചേരി ചെറുവിള പടീറ്റതിൽ പ്രവാസി ഷിഹാബുദീന്റെ ഭാര്യ റഹ്മത്തി (40) നാണ് തലയ്ക്കും മുഖത്തും പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വഴി തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയായ സലീം ആണ് കമ്പിപ്പാര ഉപയോഗിച്ച് റഹ്മത്തിന്റെ വീട്ടിലെത്തി ഇവരുടെ തല അടിച്ച് പൊട്ടിച്ചത്.
നിലവിളികേട്ട് ഓടി കൂടിയ നാട്ടുകാരാണ് സലീമിനെ പിടികൂടി ചവറ പോലീസിൽ ഏൽപ്പിച്ചത്. രക്തത്തിൽ കുളിച്ചു കിടന്ന വീട്ടമ്മയെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചു. റഹ്മത്തിന്റെ സമീപത്തുണ്ടായിരുന്ന മകളുടെ ഒന്നര വയസുകാരനെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും നാട്ടുകാർ പറയുന്നു.