തൊടുപുഴ: മൂന്നാറിൽ സന്ദർശനത്തിനെത്തിയ സഞ്ചാരികളെ റിസോർട്ട് ഉടമകൾ മർദിച്ചതായി പരാതി. കാലടിയിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിനാണ് മർദനമേറ്റതായി പരാതിയുയർന്നത്. അഞ്ചു പേർ കാലടിയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. മർദനമേറ്റവരുടെ പരാതിയിൽ കാലടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്തിരുന്ന മുറികൾ വൈകിയെത്തിയെന്ന പേരിൽ റിസോർട്ട് അധികൃതർ നൽകാതിരുന്നതാണ് സംഘർഷത്തിനിടയാക്കിയത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഓണ്‍ലൈൻ വഴി മൂന്നാർ ടൗണിലുള്ള റിസോർട്ടിൽ നാലു എസി മുറികളാണ് സംഘം ബുക്ക് ചെയ്തിരുന്നത്. പകൽ എത്തുമെന്നായിരുന്നു ഇവർ റിസോർട്ട് അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ സംഘം റിസോർട്ടിലെത്തിയപ്പോൾ രാത്രി പത്തു മണിയായി. മൂന്നാറിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് ഇവർ റിസോർട്ടിലെത്തിയത്.
കൂടാതെ ട്രാഫിക് കുരുക്കിൽ പെട്ടതായും സന്ദർശകർ പറഞ്ഞു. എന്നാൽ സമയം വൈകിയതിനാൽ മുറികൾ നൽകാനാവില്ലെന്ന് റിസോർട്ട് അധികൃതർ പറഞ്ഞതാണ് പ്രശ്നം സംഘർഷത്തിലേക്കു നീങ്ങാൻ കാരണം. മുറികൾ വേണമെന്ന് സംഘത്തിൽപ്പെട്ടവർ ശഠിച്ചതോടെ വാക്കുതർക്കമായി. മുറികൾ മറ്റു വിനോദ സഞ്ചാരികൾക്ക് നൽകിയെന്നും ഇനി നൽകാനാവില്ലെന്നും റിസോർട്ട് ജീവനക്കാർ ഉറപ്പിച്ചു പറഞ്ഞതോടെ വാക്കുതർക്കം കൈയാങ്കളിയിലെത്തി.
തുടർന്നുണ്ടായ സംഘർഷത്തിലാണ് അഞ്ചു പേർക്ക് പരിക്കേറ്റത്. എന്നാൽ മുറി ബുക്ക് ചെയ്യുന്പോഴുള്ള നടപടി ക്രമങ്ങൾ സംഘം പാലിച്ചില്ലെന്നും ഇവർ മദ്യപിച്ചെത്തിയാണ് പ്രശ്നമുണ്ടാക്കിയതെന്നും റിസോർട്ട് അധികൃതർ പറഞ്ഞു. മർദനമേറ്റവർ മൂന്നാറിൽ നിന്നു മടങ്ങിയെത്തിയാണ് കാലടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.