മാവേലിക്കര: ചെട്ടികുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകരെ അക്രമിച്ചാതായി പരാതി. വ്യാഴാഴ്ച രാത്രി ഒന്പതരയോടെ ഡിവൈഎഫ്ഐ ചെട്ടികുളങ്ങര വടക്ക് മേഖലാ പ്രസിഡന്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ, കരിപ്പുഴ കടവൂർ കല്ലിട്ട കടവിൽ വീട്ടിൽ വിനീഷിന്േറയും (30) ഡിവൈഎഫ്ഐ പേള യൂണിറ്റ് സെക്രട്ടറി, പേള പള്ളിയന്പിൽ അരുണിന്റെയും (21) നേർക്കാണ് ആക്രമണം ഉണ്ടായത്.
ഈരേഴ വടക്ക് കന്പനിപ്പടിയിൽ പോയി മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ പിന്തുടർന്ന് ബൈക്കുകളിലെത്തിയ എട്ടുപേരടങ്ങുന്ന ആർഎസ്എസ് സംഘം, സുശ്രീമ സൂപ്പർമാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡിൽ വച്ച് ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറയുന്നു.
കന്പിവടിയും മുള്ളുവേലിച്ചുരുളുകൾ ചുറ്റിയ പൈപ്പും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനീഷും അരുണും പറഞ്ഞു. ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. സ്കൂട്ടർ തല്ലിത്തകർക്കുകയും ഹെൽമെറ്റ് കൊണ്ട് തലക്കടിക്കുകയും ചെയ്തു. ശബ്ദം കേട്ട് സമീപവാസികൾ ടോർച്ചടിക്കുന്നത് കണ്ട് ആക്രമികൾ രക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച രാത്രി വിനീഷിന്റെയും സിപിഎം ചെട്ടികുളങ്ങര ലോക്കൽ കമ്മിറ്റിയംഗം സജികുമാറിന്റെയും വീടുകൾക്കു നേരേ ആക്രമണമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണമ്മയുടെ വീടിനു നേരേയും ആക്രമണമുണ്ടായി. വ്യാഴാഴ്ച രാത്രിയുണ്ടായത് മൂന്നാമത്തെ ആക്രമണമാണ്.
സംഭവത്തിൽ പോനകം പുന്നമൂട് രേണുക ഭവനത്തിൽ അനന്തകൃഷ്ണൻ (കണ്ണൻ27), ഈരേഴവടക്ക് കണ്ണമംഗലം രഞ്ചിത്ത് ഭവനത്തിൽ രഞ്ചിത്ത് (25) എന്നിവർ അറസ്റ്റിലായി.