കടുത്തുരുത്തി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി കണ്ടക്ടറെ ബൈക്കിലെത്തി മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.പാലാ ഡിപ്പോയിലെ കണ്ടക്ടർ അരുണാശേരി പുളിന്താനം വീട്ടിൽ സൈമണി(48)നാണ് ചൊവ്വാഴ്ച്ച രാത്രിയിൽ മർദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് സൈമണിന്റെ മൊഴിയനുസരിച്ച് സമീപവാസിയായ വളഞ്ചൻകാലായിൽ ബിജു (50) വിനെതിരേ കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു.
സംഭവദിവസം പകൽസമയത്ത് സൈമണിന്റെ പുരയിടത്തിന് സമീപത്തുള്ള ബിജുവിന്റെ സഹോദരന്റെ പറന്പിൽ നിന്നും കപ്ലങ്ങാ പറിക്കാൻ ബിജുവിന്റെ ഭാര്യയെത്തിയിരുന്നു. സംസാരത്തിനിടെ സൈമണിന്റെ അമ്മ കപ്ലം നിൽക്കുന്നത് അതിരിലാണെന്നു ബിജുവിന്റെ ഭാര്യയോട് പറഞ്ഞിരുന്നു.
പിന്നീട് കപ്ലങ്ങാ പറിച്ചു ബിജുവിന്റെ ഭാര്യ മടങ്ങുകയും ചെയ്തു.കപ്ലം അതിരിലാണ് നിൽക്കുന്നതെന്ന് സൈമണിന്റെ അമ്മ പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് രാത്രിയിൽ ബിജു ബൈക്കിലെത്തി സൈമണിനെ മർദ്ദിച്ചതെന്നു പറയുന്നു.
ബിജു സൈമണിനെ മർദ്ദിക്കുന്നതുകണ്ട് കട നടത്തുന്ന ഷാജിയും ഭാര്യയും ഈ സമയം കടയിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ പോൾ, സമീപവാസിയായ മധു എന്നിവരെത്തി തടസം പിടിച്ചതുക്കൊണ്ടാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതെന്നും സൈമണ്‍ പറഞ്ഞു.
സൈമണ്‍ കുറവിലങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി ഏഴരയോടെ അരുണാശേരി ജംഗ്ഷനിൽ ബസ് ഇറങ്ങിയ ശേഷം സമീപമുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി സൈമണ്‍ വീട്ടിലേക്ക് നടന്നു പോകുന്പോഴാണ് ബൈക്കിൽ എത്തിയ ബിജു തടഞ്ഞു നിർത്തി മർദിച്ചത്.