ഇരിങ്ങാലക്കുട: കാർ തടഞ്ഞുനിർത്തി കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ ആറു പേർക്കു പരിക്ക്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ മുരിയാട് കപ്പാറക്കടവ് പരിസരത്തായിരുന്നു സംഭവം. പരിക്കേറ്റ മുരിയാട് പ്ലാത്തോട്ടത്തിൽ വീട്ടിൽ ഷാജി (56), മക്കളായ സാജൻ ( 26), ഷാരോണ്‍ (13 ), സാജന്റെ ഭാര്യ ആഷ്ലിൻ (21), ബന്ധുക്കളും ഉൗട്ടി സ്വദേശികളുമായ മാറാട്ടുകളത്തിൽ എഡ്വിൻ (19), അൻവിൻ (14) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തക്കുറിച്ച് പരിക്കേറ്റ സാജൻ പറയുന്നത്: “മുരിയാടുള്ള സീയോണ്‍ ട്രസ്റ്റുമായുള്ള ബന്ധം ഉപേക്ഷിച്ചു പോന്ന തന്നെയും കുടുംബത്തെയും നിരന്തരം കള്ളക്കേസുകൾ നല്കി പീഡിപ്പിക്കുകയാണ്.
കാറിൽ വരികയായിരുന്ന തന്നെയും കുടുംബത്തെയും സ്ത്രീകൾ അടങ്ങുന്ന അന്‍പതോളം പേർ വരുന്ന സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ കാർ പൂർണമായും തകർന്നു.
തങ്ങൾക്കുനേരെ അക്രമണമുണ്ടാകുമെന്ന സൂചനയിൽ നേരത്തെ ട്രസ്റ്റിൽ നിന്ന് ഫോണ്‍ വന്നിരുന്നു. കാർ തടത്തു നിർത്തി മരച്ചില്ലകളും കല്ലുകളുമായാണ് ആക്രമിച്ചത്.’
സംഭവമറിഞ്ഞ് ആളൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുരിയാട് പുളിക്കക്കുന്നിൽ ബിനു (40), മകൾ ഏഞ്ചൽ, മുരിയാട് വഞ്ചിപ്പുരയ്ക്കൽ അലന (24) എന്നി വരും ആശുപത്രിയിൽ ചികിത്സയിലുണ്ട്. ്