തിരുവനന്തപുരം: വിദ്യാർത്ഥിയെ സ്കൂൾ ബസിൽ കയറ്റാത്തത് ചോദ്യം ചെയ്തതിന് പിതാവിനെ ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി. അതേ സമയം തങ്ങളേയും മർദിച്ചെന്ന് ബസ് ജീവനക്കാർ പരാതിപ്പെട്ടതിനെത്തുടർന്ന് ഇരു കൂട്ടർക്കുമെതിരെ പൂജപ്പുര പോലീസ് കേസെടുത്തു.
കുട്ടിയുടെ പിതാവ് മരുതൻകുഴി സ്വദേശിയായ സുമേഷിന്റെ കൈക്ക് പൊട്ടലുണ്ട്. മരുതൻകുഴിയിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയ്ക്ക് സ്കൂൾ ബസിൽ പ്രവേശനം നിഷേധിച്ചത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
ഫീസ് കൊടുക്കാൻ വൈകിയതിന്റെ പേരിൽ സ്കൂൾ ബസിൽ പ്രവേശനം നിഷേധിച്ചെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്ത് സ്കൂളിലെത്തിയ രക്ഷകർത്താവിനെ സ്കൂൾ ബസിലെ ഡ്രൈവർമാരായ വിഷ്ണു, രതീഷ് എന്നിവർ ചേർന്ന് ആക്രമിച്ചെന്നാണ് സുമേഷ് പൂജപ്പുര പോലീസിൽ നൽകിയ പരാതി.
സുമേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർമാർക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തു. ഡ്രൈവർമാരെ സുമേഷ് ആക്രമിച്ചെന്ന പരാതിയിൽ സുമേഷിനെതിരെയും പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് സ്കൂളിന് മുന്നിലെ ഗേറ്റിന് സമീപം വച്ച് നടന്ന വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചത്. രക്ഷകർത്താവിനെ മർദ്ദിച്ച് കൈ അടിച്ചൊടിച്ചതിന് ഡ്രൈവർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും ഡ്രൈവർമാരെ മർദ്ദിച്ചെന്ന പരാതിയിൽ സുമേഷിനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരവും കേസെടുത്തുവെന്ന് പൂജപ്പുര പോലീസ് വ്യക്തമാക്കി.
അതേസമയം ഫീസ് കൊടുക്കാത്തതിന്റെ പേരിൽ വാഹനത്തിലെ യാത്ര നിഷേധിച്ചുവെന്ന ആരോപണം തെറ്റാണെന്ന് സ്കൂൾ അധികൃതർ പോലീസിനോട് പറഞ്ഞു.