പാലക്കാട്: കെട്ടിട നിർമാണ കരാറുകാരനായ കൊല്ലങ്കോട് പയിലൂർ സ്വദേശി ശെൽവനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിന് കണ്ണാടി കുടുവാക്കോട് സൂര്യനയനത്തിൽ ബാബുവിനെ (39) മൂന്ന് കൊല്ലം കഠിന തടവിനും ആയിരത്തി അഞ്ഞൂറ് രൂപ പിഴ അടക്കാനും പരാതിക്കാരന് 25000 രൂപ നഷ്ടപരിഹാരമായി നൽകാനും പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ശിക്ഷ വിധിച്ചു 2011 സെപ്റ്റംബർ പതിനാലിനാണ് കരാറുകാരനെ ട്രാക്ടർ ഉടമയായ ബാബു തടഞ്ഞു നിർത്തി അടിക്കുകയും വയറിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്.
ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പൊലീസ് ലഘുവായ വകുപ്പുകൾ പ്രകാരം സമർപ്പിച്ച കുറ്റപത്രം അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ പ്രകാരം ഡോക്ടർമാരെ കോടതിയിൽ വിളിച്ച് മൊഴി എടുക്കുകയും, പരാതിക്കാരന്റെ ജീവന് ആപത്ത് വരെ സംഭവിക്കുന്ന തരത്തിൽ ആന്തരികാവയവങ്ങൾക്ക് കേട് പറ്റിയിട്ടുണ്ടെന്ന്കോടതിക്ക് ബോധ്യമായതിനാൽഗുരുതരമായവകുപ്പുകൾ ചേർത്തിരുന്നു.
ടൗണ്‍ സൗത്ത് പൊലീസ് അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേംനാഥ് ഹാജരായി.