തലയോലപ്പറന്പ്: വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ തലയോലപ്പറന്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഇന്നു കോട്ടയം- എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കിയിരിക്കുന്നത്.
ബസ് ജീവനക്കാരെ മർദിച്ച വിദ്യാർഥികൾക്കെതിരേയും വിദ്യാർഥികളെ മർദിച്ച ബസ് ജീവനക്കാർക്കെതിരേയുമായി രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചിനു തലയോലപ്പറന്പ് നീർപ്പാറയിലാണ് സംഭവം.
തലയോലപ്പറന്പ് ഡിബി കോളജിൽനിന്ന് ക്ലാസ് കഴിഞ്ഞ് ആവേ മരിയ ബസിൽ കയറിയ വിദ്യാർഥികൾക്ക് എസ്ടി നൽകാൻ വിസമ്മതിച്ച് ബസ് ജീവനക്കാർ വടകരയിൽ ഇറക്കിവിട്ടെന്ന് പറഞ്ഞാണ് സംഘർഷമുണ്ടായത്.
അടിപിടിക്കിടയിൽ പരിക്കേറ്റ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം കിരണ്‍, യൂണിറ്റ് പ്രസിഡന്റ് ഷിഹാബ്, എംജി യുണിവേഴ്സിറ്റി മുൻ ചെയർമാനും ചെന്പ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അമൽ എന്നിവരെ വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസ് ജീവനക്കാരായ മൂന്നുപേർ തലയോലപ്പറന്പ് ഗവണ്മെന്റ് ആശുപത്രിയിലും ചികിൽസ തേടിയിരുന്നു.
വിദ്യാർഥികളെ ബസിൽ നിന്നിറക്കിവിട്ടതിനെപ്പറ്റി നീർപ്പാറയിൽ ബസ് എത്തിയപ്പോൾ വിദ്യാർഥികളും വിദ്യാർഥി നേതാക്കളും ബസ് തടഞ്ഞു ജീവനക്കാരോട് ചോദിച്ചതിനെ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ അടിയുണ്ടാവുകയായിരുന്നു.
അതേസമയം ബസിൽ തിരക്ക് കൂടുതലായതിനാൽ കുറച്ചു പേർ ഇറങ്ങിയെങ്കിൽ മാത്രമേ ഡോർ അടയ്ക്കാൻ സാധിക്കൂവെന്ന് ജീവനക്കാർ നിലപാടെടുത്തു.ഇതേ തുടർന്നാണ് വിദ്യാർഥികൾ അടക്കമുള്ള കുറച്ച് പേരെ പുറത്തിറക്കിയതെന്നും ബസ് തൊഴിലാളികൾ പറയുന്നു.
എറണാകുളം – കോട്ടയം റൂട്ടിലോടുന്ന മറ്റൊരു സ്വകാര്യ ബസും ഈ സമയം റോഡിൽ നിർത്തിയിട്ടതിനാൽ ഏതാനും മിനിറ്റുകൾ ഗതാഗതവും തടസപ്പെട്ടു.തലയോലപ്പറന്പ് പോലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ച് ഗതാഗത തടസമൊഴിവാക്കിയത്.
വിദ്യാർഥികൾക്ക് എസ്ടി നിഷേധിച്ചതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയതിന്റെ പേരിൽ ഇതേ ബസ് ജീവനക്കാർക്കെതിരേ മുന്‍പും പോലീസ് കേസുണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
കോവിഡിനെത്തുടർന്ന് യാത്രക്കാർ കുറഞ്ഞതിനാൽ വരുമാനം കുറഞ്ഞ സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റുന്നതിൽ വിമുഖത കാട്ടുന്നത് സംഘർഷത്തിനു കാരണമാകുകയാണ്.
മുന്‍പുണ്ടായിരുന്ന ബസുകളിൽ പകുതി ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നതെന്നും വിദ്യാർഥികളെ കൂടുതലായി കയറ്റി സർവീസ് നടത്താൻ കഴിയാത്ത സാന്പത്തിക പ്രതിസന്ധിയാണ് തങ്ങൾ നേരിടുന്നതെന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു.
മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകുന്ന തിരിച്ചറിയൽ കാർഡുമായി ബസിൽ കയറുന്ന വിദ്യാർഥികളെ സ്വകാര്യ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞ് ഇറക്കിവിടുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് വിദ്യാർഥികളുടെ നിലപാട്.