കോട്ടയം: ചിങ്ങവനം എസ്ഐ ഉൾപ്പെടെയുള്ള നാലു പോലീസുകാരെ എസ്എഫ്ഐക്കാർ ഓടിച്ചിട്ട് മർദിക്കുകയും ഓടയിൽ തള്ളിയിടുകയും ചെയ്ത സംഭവത്തിൽ ഇതുവരെ ഒരാളെപ്പോലും അറസ്റ്റു ചെയ്തില്ല. നാട്ടകം പോളിടെക്നിക്കിലെ സംഘർഷം അമർച്ച ചെയ്യാനെത്തിയ ചിങ്ങവനം എസ്ഐ അനൂപ് സി നായർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്കുമാർ, മണിലാൽ, ബിറ്റുതോമസ് എന്നിവർക്കുമാണ് പരിക്കേറ്റത്. പോലീസിന് നേരേയുണ്ടായ ആക്രമണത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു.
കോളജിലെ എസ്എഫ്ഐ വിദ്യാർഥികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എന്നാൽ ഇതുവരെ പ്രതികളിൽ ഒരാളെപ്പോലും അറസ്റ്റു ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. വിദ്യാർഥികളുടെ മേൽവിലാസം അറിയില്ലെന്നും അത് ലഭിച്ചുവരുന്നതേയുള്ളുവെന്നുമാണ് ഇതേക്കുറിച്ച് ചങ്ങനാശേരി സിഐ പ്രതികരിച്ചത്. അറസ്റ്റിന് ഒരു സമ്മർദവുമില്ല എന്നു പറയുന്പോഴും പോലീസിനെ ആക്രമിച്ചവരെ ഇതുവരെ അറസ്റ്റു ചെയ്യാത്തതെന്തേ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
പോളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐക്കാർ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ കെഐസ്യു എബിവിപി സംഘടനകളുടെ കൊടിമരങ്ങൾ നശിപ്പിക്കുന്നത് കണ്ട് എസ്്ഐ തടയാനെത്തിയപ്പോഴാണ് പോലീസിനെതിരേ ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംഘർഷ സാധ്യത ഉണ്ടെന്നറിഞ്ഞു രാവിലെ മുതൽ തന്നെ പോലീസ് സ്ഥലത്ത് ക്യാന്പ് ചെയ്തിരുന്നു. വാകത്താനം പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയ 15 സിപിഎം പ്രവർത്തകരിൽ എട്ടു പേരെ അറസ്റ്റു ചെയ്ത് ആ കേസും ഒതുക്കി.
പോലീസ് സ്റ്റേഷനിൽ അഭയം തേടിയ സിഎസ്ഡിഎസ് പ്രവർത്തകരെ ഇറക്കിവിടണമെന്നാവശ്യപ്പെട്ട് എത്തിയ സിപിഎം പ്രവർത്തകരാണ് അതിക്രമം കാട്ടിയത്. സിഎസ്ഡിഎസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ 36 സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസുള്ളത. രണ്ടു കേസിലും ഉൾപ്പെട്ട എട്ടു പേരെ അറസ്റ്റു ചെയ്തു. ഇനി അറസ്റ്റുണ്ടാകാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്.