മാനന്തവാടി: അഭിഭാഷകനും പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകനുമായ്ശ്രീജിത്ത് പെരുമനയ്ക്ക് എരുമത്തെരുവിൽ മർദനമേറ്റതിനെ ന്യായീകരിച്ച് യാദവ സമുദായാംഗങ്ങൾ. ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും സ്ത്രീകളോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് അഭിഭാഷകനു നേരിടേണ്ടിവന്നതെന്ന് സമുദായ പ്രതിനിധികൾ പറഞ്ഞു.
എരുമത്തെരുവ് കാഞ്ചികാമാക്ഷിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ താലപ്പൊലി ഘോഷയാത്ര താഴയങ്ങാടി ക്ഷേത്രപരിസരത്തുനിന്നു വരുന്നതിന്റെ ദൃശ്യങ്ങങ്ങൾക്കൊപ്പം ആചാരപ്രകാരം അനുവദനീയമല്ലാത്ത, വിഗ്രഹത്തിന്റേയും കുംഭത്തിന്റേയും ദൃശ്യങ്ങളും ശ്രീജിത്ത് മൊബൈൽ ഫോണിൽ പകർത്തി.
ഘോഷയാത്ര എരുമത്തെരുവിലെത്തിയപ്പോൾ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതോടെ ആരംഭിച്ച സംഘർഷത്തിനിടെതാലപ്പൊലിയേന്തിയ സ്ത്രീകളിൽ രണ്ടുപേർ അർച്ചനത്തട്ടടക്കം മറിഞ്ഞുവീണു. ഇവരോട് അഭിഭാഷകൻ മോശമായി പെരുമാറി-സമുദായാംഗങ്ങൾ പറഞ്ഞു.
അതിനിടെ, സമുദായത്തിന്റെ ആഘോഷങ്ങളിൽനിന്നു ആചാരങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ട ദന്പതികളുടെ പക്ഷം പിടിച്ചതിലുള്ള പ്രതികാരമാണ് തനിക്കുനേരേ ഉണ്ടായതെന്ന് ശ്രീജിത്ത് പെരുമന പറഞ്ഞു. താലപ്പൊലി ക്ഷോഷയാത്രയുടെ ദൃശ്യങ്ങൾ പകർത്തി തിരികെ പോകുകയായിരുന്ന തന്നെ ഒരു സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
ജീവരക്ഷാർഥം സമീപത്തെ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന സുഹൃത്തിന്റെ മുറിയിൽ കയറിയ തന്നെ അടുക്കളവാതിൽ പൊളിച്ചെത്തിയ സംഘം അവിടെവച്ചും മർദിച്ചു. തന്നെ ആക്രമിക്കുന്നതു തടയുന്നതിനിടെ മറ്റു മൂന്നു പേർക്കും മർദനമേറ്റു-ശ്രീജിത്ത് പറഞ്ഞു.