ചെങ്ങന്നൂര്‍: റോഡില്‍ കളിച്ചതിനു പത്തുവയസുകാരനെ അയല്‍വാസി മര്‍ദിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസി റോണിക്കെതിരേ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിഐ എ.സി. വിബിന് പറഞ്ഞു.
പാണ്ടനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇന്നലെ വൈകുന്നേരമാണു സംഭവം. പാണ്ടനാട് നോര്‍ത്ത് തറയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി നൂര്‍ അഹമ്മദിന്റെയും ജഹുറ ബീഗത്തിന്റെയും മകന് ജഹാന് അഹമ്മദിനാണ് മര്‍ദനമേറ്റത്. ജഹാന് പാണ്ടനാട് ജെബി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സ്കൂള്‍വിട്ട് വന്നതിനുശേഷം കൂട്ടുകാരുമൊത്ത് റോഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ജഹാന്. അപ്പോള്‍ അതിലെ വന്ന സമീപവാസി റോണി എന്നയാള്‍ റോഡില്‍ പന്തുകളിച്ചതിനെ ചോദ്യം ചെയ്യുകയും ജഹാനെ വടിയു പയോഗിച്ച് പൊതിരെ തല്ലുകയുമായിരുന്നുവെന്നാണ് പരാതി.
പിന്നീട് സമീപവാസികളും നാട്ടുകാരും ചേര്‍ന്ന് ജഹാനെ ആശുപത്രിയിലെത്തിച്ചു. കൈക്കും കാലിനും പരിക്കുണ്ട്. മാതാപിതാക്കള്‍ എത്തിയാണ് പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്.