നെടുമങ്ങാട്: 16കാരന് സമപ്രായക്കാരുടെ ക്രൂര മർദനം. പെൺകുട്ടിയോട് മോശമായി സംസാരിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. അനുജനെയും ഭീഷണിപ്പെടുത്തി. വീട്ടുകാർ ആര്യനാട് പോലീസിൽ പരാതി നൽകി.കഴിഞ്ഞ 16 ആയിരുന്നു സംഭവം.
പനയക്കോട് സ്വദേശിയായ 16 കാരനെ സമപ്രായക്കാരായ മൂന്ന് പേർ സമീപത്തെ വാഴത്തോപ്പിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. പ്രദേശവാസിയായ ഒരു പെൺകുട്ടിയോട് മോശം പരാമർശം പതിനാറുകാരൻ നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം.
18 വയസിന് താഴെയുള്ളവരും ഒരു പ്ലസ് വണ്‍ വിദ്യാർഥിയും ആയിരുന്നു അക്രമസംഘത്തിൽ ഉണ്ടായിരുന്നത്. മർദിച്ച വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാൽ കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച മർദിക്കുന്ന ദൃശ്യം 16 കാരന്റെ അമ്മയ്ക്ക് ലഭിക്കുകയായിരുന്നു.
തുടർന്ന് ആര്യനാട് പോലീസിൽ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കഴിഞ്ഞ വർഷം എസ്എ സ്എൽസി പഠനം പൂർത്തിയാക്കിയവരാണ് മർദനമേറ്റ പതിനാറുകാരനും മർദിച്ചവരിൽ രണ്ടു പേരും.
മൂന്നാമത്തെയാൾ പ്ലസ് വൺ വിദ്യാർഥിയാണ്. പതിനാറുകാരനോട് കാര്യങ്ങൾ ചോദിക്കുന്നതിനിടെ മൂന്നു പേരിൽ ഒരാൾ മുഖത്തടിക്കുന്നത് ദൃശ്യത്തിലുണ്ട്. നിലത്തു വീണതിനെത്തുടർന്നു പിന്നാലെ വന്നയാൾ പുറത്ത് കയറിയിരുന്ന് മുഖത്ത് മർദിച്ചു. സംഭവം പുറത്തുപറയരുതെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽപറയുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ മർദ്ദമേറ്റ കുട്ടിയുടെ രക്ഷിതാക്കളോ കുട്ടിയോ തയാറല്ല.