നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ആശുപത്രിയിൽ ഇരുവിദ്യാർഥികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുമുട്ടിയ സംഭവത്തിൽ 28 പേർക്കെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മർദനമേറ്റ കല്ലാച്ചി പയന്തോങ്ങ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി അരൂർ സ്വദേശി അർജുൻ (16) ന്റെ രണ്ട് പരാതിയിലും, ചീറോത്ത് മുക്ക് സ്വദേശിയും പ്ലസ് ടു വിദ്യാർഥിയുമായ ഫൻവാന്റെ (17) പരാതിയിലുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അർജുന് പയന്തോങ്ങ് ബസ് സ്റ്റോപ്പ് പരിസരത്തുവച്ചും, ആശുപത്രിയിൽവച്ചും മർദനമേറ്റിരുന്നു രണ്ട് പരാതിയിൽ 14 പേർക്കെതിരെ കേസെടുത്തു.
ഫൻവാന്റെ പരാതിയിൽ അർജുനും ബന്ധുക്കളും ഉൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തു. കല്ലാച്ചി ഗവ ഹയർസെക്കന്‍ഡറി വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷമാണ് റോഡിലേക്കും നാദാപുരം ഗവ ആശുപത്രിക്കുള്ളിലേക്കും നീണ്ടത്. അർജുനിനെ മർദിച്ച സംഘത്തിലെ പ്ലസ്ടുക്കാരനായ ഫൻവാൻ ബന്ധുവിന്റെ ചികിത്സാർത്ഥം ഇന്നലെ വൈകുന്നേരം ആശുപത്രിയിലെത്തിയതോടെ അർജുന്റെ ബന്ധുക്കളും മറ്റും ചേർന്ന് മർദിക്കുകയായിരുന്നത്രേ.
സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇരുവിഭാഗക്കാരെയും പിടിച്ചുമാറ്റി ഫൻവാനെ ആശുപത്രിയിൽ നിന്ന് മാറ്റി. അർജുന് മർദനമേറ്റ വിവരമറിഞ്ഞ് എസ് എഫ് ഐ, ഡിവൈഎഫ് ഐ പ്രവർത്തകർ ആശുപത്രിയിലെത്തിയിരുന്നു. ഇതിനിടെ ഫൻ വാനും, എം എസ് എഫ് പ്രവർത്തകരും വീണ്ടുംആശുപത്രിയിലെത്തിയതോടെ എസ്എഫ്ഐ ,ഡിവൈഎഫ് ഐ പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവും ഉണ്ടായി.
ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകൻ വിജിത്തിന് ആശുപത്രി കോമ്പൗണ്ടിൽ വച്ച് മർദനമേറ്റു. നാദാപുരം സിഐ കെ.പി. സുനിൽ കുമാർ, എസ്ഐ എൻ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ നിയന്ത്രിച്ചത്.