കുമരകം: സ്കൂൾവിട്ടു വീട്ടിലേക്കു മടങ്ങിയ വിദ്യാർഥികളെ ആക്രമിച്ച ആന്ധ്രാസ്വദേശികളെ ഇന്നു പോലീസ് ചോദ്യം ചെയ്യും. ആന്ധ്രാസ്വദേശികളായ ധരംപൊടി വിക്രം, ഭാര്യ, സഹോദരൻ എന്നിവർക്കെതിരെയാണു വിദ്യാർഥികളെ ആക്രമിച്ചതിനു കുമരകം പോലീസ് കേസെടുത്തത്.
സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥികളെയാണ് ആന്ധ്രാ സ്വദേശികളായ ഗസ്റ്റുകൾ ആക്രമിച്ചത്. കുമരകം എസ്കെഎം ഹൈസ്കൂൾ വിദ്യാർഥികൾക്കുനേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ 10-ാം ക്ലാസ് വിദ്യാർഥി ആദിത്യ(14)നെ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.30നു വാഴയിൽ കാട്ടുത്ര റോഡിലാണു കയ്യേറ്റം നടന്നത്.
സ്കൂൾ വിട്ടു രണ്ട് സൈക്കിളുകളിലായി പോയ മൂന്നു കുട്ടികൾ ചൂളം വിളിക്കുകയും കണ്ണടച്ചു കാണിച്ചുവെന്നുമാണ് ഗസ്റ്റുകൾ പറയുന്നത്. സഹപാഠിയുടെ സൈക്കിളിന്റെ പിൻസീറ്റിൽ നിന്ന് ഇറങ്ങിയ ആദിത്യന്റെ കയ്യിൽ ഗസ്റ്റ്റ്റുകളിലൊരാൾ പിടിച്ചതോടെ സഹപാഠികൾ സൈക്കിളിൽ രക്ഷപ്പെട്ടു. ഗസ്റ്റുകളിലൊരാളായ ധനംപൊടി വിക്രമിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആദിത്യന്റെ വാച്ച് തകർന്നു. കുട്ടിയുടെ കോളറിന് പിടിച്ചുനിർത്തിയപ്പോൾ നഖക്ഷതമേറ്റ് കുട്ടിയുടെ കഴുത്തിനും പരുക്കേറ്റിട്ടുണ്ട്.
ഓടിപ്പോയ സഹപാഠികളെ കാണിച്ചു കൊടുക്കണമെന്നായിരുന്നു ധരംപൊടി വിക്രമിന്റെയും സായാഹ്ന സവാരിക്കിറങ്ങിയ ഭാര്യയുടെയും സഹോദരന്റെയും ആവശ്യം. കുമരകം തെക്കുംഭാഗത്ത് ആണ്ടിത്ര ഉത്തമന്റെ മകനാണ് മർദനമേറ്റ ആദിത്യൻ. അവേദ റിസോർട്ടിലെ ഗസ്റ്റുകളായ ആന്ധ്രയിൽ നിന്നുള്ള മൂന്നു കുടുംബത്തിൽപ്പെട്ട 18 അംഗ ഗസ്റ്റുകളിൽ പെട്ടവരാണ് വിദ്യാർഥികളെ കയ്യേറ്റം ചെയ്തത്.
വിദ്യാർഥിയുടെ ബന്ധുക്കൾ തങ്ങളെ മർദിച്ചതായി ഗസ്റ്റുകൾ കുമരകം പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. ഗസ്റ്റുകൾക്കെതിരെ കേസെടുത്തതായി എസ്ഐ ജി. രജൻ കുമാർ പറഞ്ഞു