ലക്നോ: മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിയ സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി അധ്യാപിക. ഗൃഹപാഠം ചെയ്യാത്തതിനുള്ള ശിക്ഷ എന്ന രീതിയിലാണ് സഹപാഠികളോട് കുട്ടിയെ അടിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് അധ്യാപിക ത്രിപ്ത ത്യാഗിയുടെ വാദം.
“നിസാര കാര്യം’ എന്നാണവര്‍ മുസഫര്‍നഗറില്‍ സ്കൂളില്‍ ഏഴുവയസുകാരനെ തല്ലിയ സംഭവത്തെ വിശേഷിപ്പിച്ചത്. മകനോട് കര്‍ശനമായി പെരുമാറണമെന്ന് മാതാപിതാക്കള്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി ത്രിപ്ത പറഞ്ഞു.
ക്ലാസിലുണ്ടായിരുന്ന കുട്ടിയുടെ ബന്ധുവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശേഷം ദൃശ്യങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന് അധ്യാപിക ആരോപിച്ചു. അവരെല്ലാം തനിക്ക് കുട്ടികളെപ്പോലെയാണ്. തെറ്റ് അംഗീകരിക്കുന്നു.
പക്ഷേ ഇത് അനാവശ്യമായി വലിയ പ്രശ്നമാക്കി മാറ്റിയെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിന് പിന്നില്‍ വര്‍ഗീയ വിദ്വേഷമല്ല. താന്‍ ഭിന്നശേഷിക്കാരിയാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസമായിരുന്നു കുട്ടിയുടെ മര്‍ദിപ്പിക്കുന്ന സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദേശീയതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മുസാഫര്‍നഗറിലെ മന്‍സൂര്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഖബര്പുര് ഗ്രാമത്തിലാണ് സംഭവം.
ക്ലാസ് മുറിയില്‍ മറ്റ് വിദ്യാര്‍ഥികളെ വരിയായി നിര്‍ത്തി ഊഴംവച്ച് കുട്ടിയെ തല്ലിക്കുകയായിരുന്നു. ശക്തമായി അടിക്കാന്‍ വിദ്യാര്‍ഥികളെ അധ്യാപിക പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു വിദ്യാര്‍ഥിയോട് കുട്ടിയുടെ അരക്കെട്ടില്‍ തൊഴിക്കാനും അധ്യാപക ആവശ്യപ്പെട്ടു. പിന്നാലെ ശശിതരൂര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.
യുപിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളിലെ വിദ്വേഷത്തിന് കാരണം ബിജെപിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചിരുന്നു. സംഭവം വിവദമായതോടെ അധ്യാപികയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
തൃപ്തി ത്യാഗിക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും.
സംഭവം വെളിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ അറിയിച്ചു.