പയ്യന്നൂര്‍: ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ ഹോട്ടലുടമയെ കെട്ടിടയുടമ മര്‍ദ്ദിച്ചവശനാക്കി പൂട്ടിയിട്ട സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. തായിനേരി പള്ളിഹാജി റോഡിലെ സലിം ക്വാര്‍ട്ടേഴ്സ് ഉടമ ഇബ്രാഹിം, സലാം എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
വാടക പ്രശ്നമാരോപിച്ച് സലിം ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പയ്യന്നൂര്‍ കേളോത്ത് സിറ്റി ഡൈന്‍ ഹോട്ടല്‍ നടത്തുന്ന തമിഴ്നാട് സ്വദേശിയായ പി.സുബ്രഹ്മണ്യനാണ് (44) കെട്ടിടയുടമയുടേയും കൂടെയുണ്ടായിരുന്നയാളിന്റെയും ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ഇന്നലെ രാവിലെ നടന്ന സംഭവം ഉച്ചയോടെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍ പെട്ടത്.മുറിയില്‍ മര്‍ദ്ദിച്ചവശനാക്കി പൂട്ടിയിട്ട നടപടിയെ ചോദ്യം ചെയ്തപ്പോള്‍ കെട്ടിടയുടമ തട്ടിക്കയറുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു.ഇതേ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് പൂട്ട് തകര്‍ത്താണ് സുബ്രഹ്മണ്യനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
സുബ്രഹ്മണ്യന്റെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞും കണ്ണിന് മുകളില്‍ മര്‍ദ്ദനമേറ്റ് നീര് വെച്ച നിലയിലുമായിരുന്നു. അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹോദരിയുടെ അടുത്ത് പോയ സുബ്രഹ്മണ്യന് തിരിച്ചെത്തുമ്പോഴേക്കും തായിനേരിയിലെ 20 വര്‍ഷമായി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ് കെട്ടിടയുടമ മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു.
സുബ്രഹ്മണ്യന്റെ ഗൃഹോപകരണങ്ങളും ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ മാലയും 20000 രൂപയും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആകെ രണ്ട് ലക്ഷം രൂപയുടെ വസ്തുവകകള്‍ കെട്ടിടയുടമ കളവ് ചെയ്തതായി സുബ്രഹ്മണ്യന് പയ്യന്നൂര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
ഇതിനു ശേഷം ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു സുബ്രഹ്മണ്യന്റെ താമസം. ഇതിനിടയില്‍ പ്രദേശത്തെ സിപിഎം നേതാക്കള്‍ മധ്യസ്ഥശ്രമത്തിലൂടെ പ്രശ്ന പരിഹാരമാക്കിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വീണ്ടും ക്വാര്‍ട്ടേഴ്സില്‍ ചെന്നപ്പോഴാണ് ഇയാള്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്.
പയ്യന്നൂര്‍ നാരങ്ങാ തോടിന് സമീപവും കേളോത്തുമായി ഇരുപത് വര്‍ഷത്തോളമായി ഹോട്ടല്‍ നടത്തിവരുന്ന സുബ്രഹ്മണ്യന് ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് എക്സി.അംഗം കൂടിയാണ്. സംഭവത്തില്‍ ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് പ്രതിഷേധിച്ചു. അതേസമയം സുബ്രഹ്മണ്യന് മര്‍ദ്ദിച്ചതായുള്ള കെട്ടിടയുടമയുടെ പരാതിയില്‍ സുബ്രഹ്മണ്യനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.