പീരുമേട്: ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപക മർദിച്ച സംഭവത്തിൽ അധ്യാപിക ഷീല അരുൾ റാണി ഒളിവിൽ .
അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ്. അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് സൂചന. സംഭവം മറച്ചു വെച്ചതിനും കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിനും സ്കൂളിലെ പ്രഥമ അധ്യാപകനെതിരെ നടപടിക്കും സാ ധ്യത.
വ്യാഴാഴ്ച്ച രാവിലെ തന്നെ കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി പ്രഥമ അധ്യാപകനെ സമീപിച്ചിരുന്നു. തുടക്കം മുതലെ കേസ് ഒതുക്കി തീർക്കാൻ തന്നെയായിരുന്നു സ്കൂൾ അധികൃതർ ശ്രമിച്ചിരുന്നത്. പോലീസിലും ചൈൽഡ് ലൈൻ അധികൃതർക്ക് പോലും പ്രഥമ അധ്യാപകൻ പരാതി നൽകിയിരുന്നില്ല.
പ്രഥമ അധ്യാപകന്റെ ഓഫീസിലേക്ക് അധ്യാപികയെ വിളിച്ചു വരുത്തി ക്ഷമ ചോദിച്ച് കേസ് ഒതുക്കാനായിരുന്നു ശ്രമിച്ചത്. ഇതിനിടയിൽ ബന്ധുക്കൾ ഇടപെട്ട് മർദനത്തിനരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായത്.
ഇതിനിടയിൽ പോലീസ് ആശുപത്രിയിലെത്തി മാതാപിതാക്കളുടെയും കുട്ടിയുടെയും മൊഴി രേഖപ്പെടുത്തിയതോടെയാണ് അധ്യാപികയിൽ നിന്നു പ്രഥമ അധ്യാപകൻ വിശദീകരണം ചോദിച്ചതും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയതെന്നുമാണ് സൂചന. ഇതിനിടയിൽ അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്നും സസ്പെപെന്റ് ചെയ്തു.