കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്കൂളിൽ മൂന്നു വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പ്രധാനാധ്യാപകനെതിരേ പോലീസ് കേസ്. നെല്ലിക്കുഴി ഗവ. ഹൈസ്കൂൾ പ്രധാനനധ്യാപകൻ കണ്ണൂർ സ്വദേശി സി. സുധാകരനെതിരേയാണു കേസ് രജിസ്റ്റർ ചെയ്തത്.
ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. യോഗാ ക്ലാസിൽ എത്താൻ താമസിച്ചതു ചോദ്യം ചെയ്ത് പ്രധാനാധ്യാപകൻ മർദിച്ചതായാണു പരാതി. ആശുപത്രിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. കേസുമായി മുന്നോട്ടുപോകാനുള്ള രക്ഷിതാക്കളുടെ തീരുമാനത്തിനു പിടിഎ പിന്തുണ നൽകി.
മർദനത്തിനിരയായ 13 വയസുള്ള കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപകൻ ഉത്തരവാദിത്വം ലംഘിച്ചതിനും മർദ്ദിച്ചതിനുമാണു കേസ്. ചൈൽഡ് ലൈൻ കേസ് രജിസ്റ്റർ ചെയ്തതായി കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചു. സംഭവം വിവാദമായതോടെ പ്രധാനാധ്യാപകൻ മുങ്ങിയെന്നാണു വിവരം.