കോട്ടയം: ഹോസ്റ്റലിൽ വിദ്യാർഥികളെ അധ്യാപകർ മർദിച്ചുവെന്ന പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. അധ്യാപകർ മർദിച്ചുവെന്ന് ആരോപിച്ച് കെഎസ്യു പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു. വടവാതൂർ ജവഹർ നവോദയ വിദ്യാലയ ഹോസ്റ്റലിലെ നാലുവിദ്യാർഥികളെ അധ്യാപകർ മർദിച്ചുവെന്ന് ആരോപിച്ചാണ് കെഎസ്യു പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചത്. ഫോണ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിവരം ലഭിച്ച ചൈൽഡ് ലൈൻ പ്രവർത്തകർ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട് കൈമാറി.
ശനിയാഴ്ച രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. സീനിയർ ആണ്കുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ ലൈറ്റിട്ടുവെന്നാരോപിച്ച് വിദ്യാർഥികളെ മർദിക്കുകയായിരുന്നുവെന്നാണു പരാതി. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കരുതുന്ന മൂന്നു അധ്യാപകർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഏഴംഗസമിതിയെയും നിയോഗിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കമീഷൻ റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മണർകാട് പോലീസും, ചൈൽഡ് ലൈൻ പ്രവർത്തകരും പരിക്കേറ്റ വിദ്യാർഥികളിൽ നിന്ന് മൊഴിയെടുത്തു.വിദ്യാർഥികളെ മർദിച്ച അധ്യാപകർക്കെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചത്.
ഇന്നലെ രാവിലെ 11.30നു കെഎസ്യു ജില്ലാ പ്രസിഡന്റ് ജോർജ് പയസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രിൻസിപ്പലിനെ ഉപരോധിച്ചത്. സംഭവം മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യാതെ അധ്യാപകരെ സംരക്ഷിക്കാൻ പ്രിൻസിപ്പൽ ശ്രമിച്ചതോടെ പ്രവർത്തകർ പോലീസിനെയും ചൈൽഡ് ലൈനിനെയും വിവരമറിയിക്കുകയായിരുന്നു.
ഞായറാഴ്ച വിദ്യാർഥികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതി പിൻവലിക്കാനും ശ്രമിച്ചതായും നേതാക്കൾ ആരോപിച്ചു. കെഎസ്യു പ്രവർത്തകരായ ജോബിൻ തലപ്പാടി, അജിൽ ജിനു മാത്യു, സച്ചിൻ മാത്യു, ജെയ്സണ് പെരുവേലി, ജോയൽ ചെന്പോല, യശ്വന്ത് സി.നായർ, രാജേഷ് തിരുവഞ്ചൂർ, വി.പി. വിഷ്ണു, എബിൻ ഏബ്രഹാം, ലിറ്റോ ജോസഫ്, ജോഫിൻ ജോർജ് എന്നിവർ ഉപരോധത്തിനു നേതൃത്വം നൽകി.