കോട്ടയം: സിനിമാ തിയറ്റർ ജീവനക്കാർക്ക് ഹെൽമറ്റിനടിയേറ്റു. ഇന്നലെ രാത്രിയിൽ അഭിലാഷ് തിയറ്ററിലാണ് സംഭവം. മമ്മൂട്ടി ചിത്രം ഉണ്ടയുടെ സെക്കൻഡ് ഷോയ്ക്ക് കയറിയ ഏതാനും പേരാണ് ജീവനക്കാരെ ആക്രമിച്ചത്. ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുത്ത് കയറിയവർക്ക് സീറ്റ് കാണിച്ചുകൊടുക്കുന്പോഴാണ് ഹെൽമറ്റിനടിയേറ്റതെന്നു പറയുന്നു.
തിയേറ്റർ ജീവനക്കരായ മാങ്ങാനം സ്വദേശി മനു (22), പേരൂർ സ്വദേശി വിഷ്ണു (25), ഒഡീഷ സ്വദേശി വിന്റു (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സംഘർഷത്തത്തുടർന്ന് പോലീസ് എത്തി മൂന്നു പേരെ പിടികൂടി വെസ്റ്റ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ പ്രശ്നം പറഞ്ഞു തീർത്തെന്നും കേസെടുത്തിട്ടില്ലന്നും വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് അറിയാൻ കഴിഞ്ഞു.