തൃശൂർ: സപ്ലൈകോ റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നടത്തുന്ന കരാറുകാരനെ കയറ്റിറക്കു തൊഴിലാളികൾ മർദിച്ചതായി പരാതി. കുരിയച്ചിറ സെൻട്രൽ വെയർഹൗസിംഗ് കോർപറേഷനിലെ സപ്ലൈകോ പിഡിഎസ് ഡിപ്പോയിലാണ് സംഭവം. വിതരണ കരാറുകാരനായ ജിസോ ജോർജിനെയും ലോഡ് എടുക്കാനെത്തിയ വാഹനങ്ങളുടെ ഡ്രൈവർമാരെയും സിഡബ്ല്യുസി-1 യൂണിയനിൽപ്പെട്ട തൊഴിലാളികൾ സംഘംചേർന്ന് മർദിച്ചെന്നാണ് പരാതി.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന കസ്റ്റോഡിയനും മറ്റു ജീവനക്കാരും സംഘർഷം കുറയ്ക്കാൻ ശ്രമിക്കാതെ മാറിനില്ക്കുകയായിരുന്നെന്നും തിരിച്ചറിയൽ രേഖ ധരിക്കാത്തതുമൂലം കൈയയേറ്റം നടത്തിയ തൊഴിലാളികളുടെ പേരുവിവരം അറിയാൻ കഴിഞ്ഞില്ലെന്നും ജിസോ വെയർഹൗസ് കോർപറേഷൻ മാനേജർക്ക് നല്കിയ പരാതിയിലുണ്ട്.
ഭക്ഷ്യധാന്യങ്ങളുടെ കയറ്റിറക്കിനു അമിത കൂലി ഈടാക്കുന്നതിനും ലോഡ് വാഹനങ്ങളിൽ കയറ്റുന്നത് വൈകിപ്പിക്കുന്നതിനെതിരേയും ജില്ലാ ലേബർ ഓഫീസർ, സപ്ലൈക്കോ ഡിപ്പോ മാനേജർ എന്നിവരടക്കം ബന്ധപ്പെട്ടവർക്ക് ജിസോ ജോർജ് പരാതി നല്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കൈയേറ്റ ശ്രമം നടന്നത്.
കുറ്റക്കാരായ യൂണിയൻ തൊഴിലാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ലോഡിംഗ് പ്രവർത്തനം സുഗമവും സമാധാനപരവും ആക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.