ആലപ്പുഴ: വാനിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ യുവാക്കളുടെ സംഘം പിൻതുടർന്ന് ആക്രമിച്ചു. ഇന്ന് രാവിലെ ഒന്പതോടെ തുന്പോളി ജംഗ്ഷന് സമീപം ദേശീയപാതയിലായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന വാനിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ പിൻതുടർന്ന് കാറിലെത്തിയ യുവാക്കൾ തുന്പോളി ജംഗ്ഷന് സമീപം തടഞ്ഞശേഷം വാഹനം ഓടിച്ചിരുന്നയാളെ വലിച്ച് പുറത്തിറക്കിയശേഷം ക്രൂരമായി മർദിക്കുകയായിരുന്നു.
വാഗണർ കാറിലെത്തിയ നാലംഗ യുവാക്കളിൽ രണ്ടുപേരാണ് വാഹനമോടിച്ചിരുന്നയാളെ മർദിച്ചത്. ഇത് തടയാൻ ശ്രമിച്ച വാനിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർക്കുനേരെയും ആക്രമണമുണ്ടായി. വാഹനത്തിൽ നിന്ന് വലിച്ച് റോഡിലിട്ട് ചവിട്ടിയതിനെത്തുടർന്ന് വാൻ ഡ്രൈവറുടെ മൂക്കിൽ നിന്നും രക്തം വാർന്നു. സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടിയാണ് യുവാക്കളുടെ അക്രമം അവസാനിപ്പിച്ചത്.
വാഹനങ്ങൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. ആറൻമുള സ്വദേശികളാണ് ആക്രമണത്തിനിരയായത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നോർത്ത് പോലീസ് അക്രമികളെയും അക്രമത്തിനിരയായവരെയും സ്റ്റേഷനിലേക്ക് മാറ്റി.