മുക്കം: വിനോദയാത്രക്ക് പോയ എന്റെ മുക്കം ചാരിറ്റബിള്‍ സൊസൈറ്റിയുടെ അംഗങ്ങളെ പാലക്കാട്ട് വച്ച് വഴിയിൽ തടഞ്ഞ് ആൾക്കൂട്ടം ആക്രമിച്ചതിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക സന്നദ്ധ സംഘടനകളുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ പ്രതിഷേധവുമായി രംഗത്തെത്തി. മുക്കത്തുനിന്നും കൊടൈക്കനാലിലേക്ക് പോയ സംഘത്തിനു നേരെ മേലാറ്റൂര്‍ മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കോട്ടോപ്പാടത്തുവച്ചാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച്ച രാത്രി 12 ഓടെയായിരുന്നു ആക്രമണം നടന്നത്. തുടര്‍ന്ന് തൊട്ടടുത്തുള്ള നാട്ടുകല്‍ പോലിസ് സ്റ്റേഷനില്‍ സംഘം അഭയം പ്രാപിക്കുകയായിരുന്നു. പോലിസിന്റെ സഹായത്തോടെയാണ് പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസാദ് മുക്കം, സൗഫീഖ് വെങ്ങളത്ത്, ബിജു പാറക്കല്‍, ശ്രീനിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വാഹനത്തിന്റെ ഡോർ ഗ്ലാസ് ഉൾപ്പെടെയുള്ളവ അക്രമികൾ അടിച്ചു തകര്‍ത്തു. കഴിഞ്ഞകാല പ്രളയങ്ങളിലും അപകടങ്ങളിലും രക്ഷാപ്രവർത്തകരായും ജീവകാരുണ്യ പ്രവർത്തകരായും മലയോര മേഖലയിൽ നിറസാന്നിധ്യമായവരാണ് ആക്രമണത്തിനിരയായത്. ആക്രമിക്കപ്പെട്ടത് മലയോര മേഖലയിലെ മുഴുവൻ ജനങ്ങൾക്കും പ്രിയപ്പെട്ടവരായ സന്നദ്ധ പ്രവർത്തകരായതുകൊണ്ട് പ്രതിഷേധം വളരെ വ്യാപകമായിട്ടുണ്ട്.
കുറ്റക്കാർക്കെതിരെ അടിയന്തര നടപടി വേണം
മുക്കം: വിനോദയാത്രാ സംഘത്തിനുനേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ അടിയന്തിര നടപടിയെടുക്കണമെന്ന് ജോർജ് എം.തോമസ് എംഎൽഎ, രമ്യ ഹരിദാസ് എംപി, വി.കെ.ശ്രീകണ്ഠൻ എംപി എന്നിവർ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.