മെഡിക്കൽകോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയ യുവാവിനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മർദിച്ചതായി പരാതി.
ചിറയിൻകീഴ് സ്വദേശി അരുൺ ദേവിന് (28) ആണ് മർദനമേറ്റത്. ഇന്നലെ രാവിലെ 11ന് ആശുപത്രിയിൽ ബന്ധുവിനൊപ്പമെത്തിയ യുവാവ് പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തുകൂടി ഉള്ളിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോഴായിരുന്നു ജീവനക്കാർ തടഞ്ഞത്.
ഇക്കോ ടെസ്റ്റ് എടുത്തശേഷം റിസൾട്ട് കാണിക്കുന്നതിന് വേണ്ടിയാണ് പോകുന്നതെന്നും അത്യാവശ്യമായതിനാൽ രണ്ടുപേരെ കടത്തിവിടണമെന്നും യുവാവ് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ജീവനക്കാർ പ്രവേശന പാസ് കീറിക്കളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
വിഷ്ണു, സതീഷ് എന്നീ സുരക്ഷാ ജീവനക്കാരാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് മെഡിക്കൽ കോളജ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം യുവാവ് തങ്ങളെ മർദിച്ചുവെന്ന് കാട്ടി സുരക്ഷാ ജീവനക്കാരും പോലീസിൽ പരാതി നൽകി. പരാതികളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചുവെന്ന രോഗിയുടെ കൂട്ടിരിപ്പുകാരന്റെ പരാതിയിന്മേല് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.