അമ്പലപ്പുഴ: ഐസിയുവില്‍ കയറണമെന്ന ആവശ്യം ആശുപത്രി അധികൃതര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റും ആശുപത്രി അധികൃതരുമായി വാക്കുതര്‍ക്കം.
അമ്മയും കാമുകനും ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കി മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മൂന്ന് വയസുകാരന് വൈശാഖിനെ കാണാനാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലും അമ്പലപ്പുഴ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവിയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.
ഐസിയു വില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ ഇവര്‍ അനുവാദം ചോദിച്ചെങ്കിലും ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. പുറത്തുനിന്നുള്ളവരെ ഐസിയു വില്‍ പ്രവേശിപ്പിക്കാറില്ലന്നും ഇത് അണുബാധയ്ക്ക് കാരണമാകുമെന്നും അറിയിച്ചു.
എന്നാല്‍ തങ്ങള്‍ ജനപ്രതിനിധികള്‍ ആണന്നും കുട്ടിയെ കാണണമെന്നും നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് സൂപ്രണ്ട് ഇടപെട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റിനെ പ്രവേശിപ്പിക്കാന്‍ അനുവാദം നല്കി.
ഐസിയുവില്‍ കഴിയുന്ന മറ്റുള്ള കുട്ടികളുടെ രക്ഷാകര്ത്താക്കള് ഈ നടപടിക്കെതിരെ ശബ്ദമുയര്‍ത്തിയതോടെ അല്പനേരം സംഘര്‍ഷാവസ്ഥക്ക് കാരണമായി.