നെടുമ്പാശേരി: വരാപ്പുഴയിൽ ഹർത്താലിനിടെ യുവാവിന് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് പി.കെ. ഹനീഫയുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ച പറവൂർ നിയോജക മണ്ഡലത്തിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെയാണ് കുന്നുകര വയൽകര സ്വദേശി അയ്യരുകുഴി വീട്ടിൽ മുഹമ്മദ് ഷാഫിക്ക് മർദനമേറ്റത്.
തന്റെ കാറിൽ പതിനഞ്ച് ദിവസം മാത്രം പ്രായമായ കൂട്ടുകാരന്റെ കുട്ടിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി വരാപ്പുഴയിൽ വച്ച് ഹർത്താനലുകൂലികൾ കാർ തടയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അനുവദിക്കണമെന്ന് മുഹമ്മദ് ഷാഫി അഭ്യർഥിച്ചെങ്കിലും ഹർത്താൽ അനുകൂലികൾ തടയുകയായിരുന്നു.
ഇതേതുടർന്ന് കാറിന് പുറത്തിറങ്ങിയ ഷാഫി കുഞ്ഞിന് അടിയന്തിര ചികിൽസ ലഭ്യമാക്കണമെന്ന കാര്യം ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഹർത്താൽ നടത്തിയവർ ഇയാളെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പോലീസിന്റെയും മാധ്യമ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ഉണ്ടായ സംഭവം മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ഹർത്താലിന്റെ മറവിൽ നടന്ന ആക്രമണത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാർ ജസ്റ്റിസ് പി.കെ.ഹനീഫയുടെ നേരിട്ടുള്ള നടപടി. ഇക്കാര്യത്തിൽ ഈ മാസം 25 ന് ആലുവ പാലസിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ആലുവ റൂറൽ എസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം വയൽകരയിലെ വീട്ടിലെത്തി ഷാഫിയെ സന്ദർശിച്ച കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്ത പോലീസിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.