കോട്ടയം: ഓട്ടോ യാത്രക്കാരനെ ആക്രമിച്ച് ഡ്രൈവർ പണവും ബാഗും തട്ടിയെടുത്തതായി പരാതി. ബുധനാഴ്ച രാത്രി പത്തു മണിയോടെ മെഡിക്കൽ കോളജ് ബിഎസ്എൻഎൽ ഓഫീസിനു മുൻവശം റോഡിൽ വച്ചാണ് ഓട്ടോ ഡ്രൈവർ ആക്രമിച്ച് പണം തട്ടിയതായി കാണിച്ച് യാത്രക്കാരൻ ഗാന്ധിനഗർ പോലീസിൽ പരാതി നല്കിയത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്മനം സ്വദേശി വിജയകുമാർ (50) എന്നയാളാണ് ഇതു സംബന്ധിച്ച് പോലീസിൽ പരാതി നല്കിയത്. ഇയാൾ കുമാരനല്ലൂർ മേൽപാലം ഭാഗത്തു നിന്ന് ഓട്ടോ വിളിച്ച് മെഡിക്കൽ കോളജ് കവലയിലെത്തി. അവിടെ ബാറിൽ കയറി മദ്യപിച്ച ശേഷം കുമ്മനത്തേക്ക് പോകുന്പോഴാണ് തന്നെ ആക്രമിച്ച് 8000 രൂപയും ബാഗും തട്ടിയെടുത്തത്.
ബാറിൽ നിന്നിറങ്ങി യാത്ര തുടങ്ങിയപ്പോൾ മറ്റൊരാൾ കൂടി ഓട്ടോയിൽ കയറിയെന്നും പറയുന്നു. തന്നെ ചവിട്ടി പുറത്താക്കിയ ശേഷം ഓട്ടോ ഓടിച്ചു പോയെന്നാണ് പരാതിയിൽ പറയുന്നത്. ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുമാരനല്ലൂർ, ഗാന്ധിനഗർ എന്നിവിടങ്ങളിലെ ഓട്ടോ ഡ്രൈവർമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രാത്രിയായതിനാൽ എംസി റോഡ് വഴി വന്ന ഓട്ടോയാകാനാണ് സാധ്യത. ഓട്ടോ ഡ്രൈവറുടെ രൂപവും ഓട്ടോയുടെ പേരും ഉൾപ്പെടെയുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.