കായംകുളം: കറ്റാനത്ത് വ്യാപാരിക്കു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു. വ്യാപാരി വ്യവസായി സമിതി കറ്റാനം യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ മനോജ് മെട്രോയ്ക്ക് നേരേയാണ് ഇന്നലെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി സമിതി കറ്റാനം യുണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം അഞ്ചു വരെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. കായംകുളം പുനലൂർ കെ.പി. റോഡിൽ കെഎംസി ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 11 ഓടെ ആയിരുന്നു സംഭവം.
റോഡരികിലെ കടകൾക്ക് മുന്പിലെ അനധികൃത വഴിയോര കച്ചവടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൃഷ്ണപുരം സ്വദേശി അജ്മൽ എന്ന ആൾ ആക്രമിക്കുകയായിരുന്നുവെന്ന് മനോജ് വള്ളികുന്നം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
പരിക്കേറ്റ മനോജ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കറ്റാനത്ത് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ജില്ലാ കമ്മിറ്റിയംഗം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് രാംദാസ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം കോശി അലക്സ്, സിബി വർഗീസ്, എസ.് ശരത്, കുഞ്ഞുമോൾ റെജി, സുനിൽ, സിജു എന്നിവർ പ്രസംഗിച്ചു.