തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷജീറിനെ പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് മര്‍ദിച്ച കേസില്‍ ഇപ്പോള്‍ മണ്ണന്തല എസ്ഐയായിരിക്കുന്ന കെ. സമ്പത്തിനെതിരെയും സിപിഒ അജയ്കുമാറിനെതിരെയും നേമം പോലീസ് കേസെടുത്തു.
സമ്പത്താണ് കേസിലെ ഒന്നാം പ്രതി. 2017 ലാണ് കേസിനാസ്പദമായ സംഭവം. മർദനത്തിനിരയായ ഷജീർ ഇന്ന് യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ്. ഷജീറിന്റെ സുഹൃത്തിന്റെ സഹോദരന് സ്റ്റേഷനില്‍ മര്‍ദനമേറ്റത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അന്ന് എസ്ഐ ആയിരുന്ന സമ്പത്തും സിപിഒ ആയിരുന്ന അജയകുമാറും ചേര്‍ന്ന് ഷജീറിനെ സ്റ്റേഷനകത്തിട്ട് ഇടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഷജീര്‍ പത്തൊമ്പത് ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലാവുകയും ചെയ്തിരുന്നു. പോലീസ് പരാതി പരിഹാര അഥോറിറ്റിക്കും ഡിജിപിക്കുമടക്കം പരാതി നല്‍കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. സംഭവത്തിന് ശേഷം എസ്ഐയേയും പോലീസുകാരനേയും സിറ്റി പോലീസ് കമ്മീഷണർ സസ്പഡ് ചെയ്തിരുന്നു.
ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നേമം പോലീസ് കേസെടുത്തത്. അന്ന് യൂത്ത് കോണ്‍ഗ്രസ് നേമം നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന ഷജീറിനെതിരെയും നേമം പോലീസ് പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തിരുന്നു. അതേസമയം കേസ് എടുത്തത് നിസാര വകുപ്പുകള്‍ ചുമത്തിയാണെന്ന ആക്ഷേപം ഷജീര്‍ ഉന്നയിച്ചിട്ടുണ്ട്.