കായംകുളം: സ്കൂട്ടറിൽ മകൾക്കും സഹോദരിക്കുമൊപ്പം സഞ്ചരിച്ച യുവതിയെ ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ നടുറോഡിലിട്ടു മർദിച്ചശേഷം ആറു പവന്റെ താലിമാല കവർന്നു. റോഡിലേക്കു തെറിച്ചുവീണു പരിക്കേറ്റ യുവതിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളികുന്നം കന്നിമേൽ തെക്കടത്ത് അറഫാ ഗാർഡൻസിൽ അഫ്സാന(24)യാണ് ആക്രമണത്തിനിരയായത്. ഇവരുടെ നാലു വയസുകാരിയായ മകൾ ഇശൽ, സഹോദരി ഹസീന (26) എന്നിവർക്കും വീഴ്ചയിൽ പരി
ക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കായംകുളം ചിറക്കടവം ജംഗ്ഷനിലായിരുന്നു സംഭവം. ദേശീയപാതയ്ക്കു സമീപത്തെ ഓഡിറ്റോറിയത്തിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ വരികയായിരുന്നു ഇവർ. ദേശീയപാത മുറിച്ചുകടക്കാൻ സ്കൂട്ടർ നിർത്തിയപ്പോൾ പൾസർ ബൈക്കിൽ പിന്നാലെ എത്തിയ സംഘം യുവതിയുടെ പുറത്ത് അടിക്കുകയും യുവതിയെ സ്കൂട്ടറോടുകൂടി തള്ളി താഴെയിട്ടശേഷം കഴുത്തിൽ കിടന്ന ആറു പവന്റെ താലിമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.
മോഷണ സംഘവുമായുള്ള പിടിവലിക്കിടെ മാലയുടെ കൊളുത്തും താലിയും ലഭിച്ചു. ഇവർ റോഡിലേക്കു തെറിച്ചുവീണ അവസരത്തിലാണു മാല പൊട്ടിച്ചത്. യുവതികളുടെ നിലവിളികേട്ടു മറ്റു യാത്രക്കാർ ഓടിയെത്തിയപ്പോഴേയ്ക്കും ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നു. സിസി ടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്. പ്രദേശത്തു ബൈക്കിലെത്തി സ്കൂട്ടർ യാത്രക്കാരുടെ പണവും സ്ത്രീകളുടെ ആഭരണങ്ങളും കവർച്ച ചെയ്യുന്ന സംഭവം ഒരാഴ്ചക്കിടെ നാലാമത്തേതാണ്. തുടർച്ചയായി ഉണ്ടായ സമാനരീതിയിലുള്ള സംഭവം സ്കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീകളെ ഭീതിയിലാക്കിയിരിക്കുകയാണ്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പ്രതിഭാ ഹരി എംഎൽഎ സന്ദർശിച്ചു.