കളമശേരി: മയക്കുമരുന്നുപയോഗം വീട്ടുകാരെ അറിയിച്ചെന്ന പേരിൽ പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായി പരാതി. കളമശേരി ഗ്ലാസ് കോളനിയിലാണ് സംഭവം നടന്നത്.
ഗുരുതരമായി പരുക്കേറ്റ പതിനേഴുകാരനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെറസിൽ കൊണ്ടുപോയി അർധ നഗ്നനാക്കി മെറ്റലിൽ മുട്ട് കുത്തി നിർത്തിയ ശേഷമാണ് മർദിച്ചത്. ഒരു മണിക്കൂറോളം വരുന്ന വീഡിയോ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്.
സംഭവത്തിൽ സുഹൃത്തുക്കളായ നാല് പേർ കളമശേരി പോലീസിന്റെ പിടിയിലായി. രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ശരീരമാസകലം സുഹൃത്തുക്കൾ മാറി മാറി വന്ന് മർദിക്കുന്നതായി വീഡിയോകളിൽ കാണാം.
ജനനേന്ദ്രിയത്തിലും കാല് കൊണ്ട് തൊഴിച്ചു. ഈ മേഖലയിൽ മയക്കുമരുന്നു ലോബി പിടിമുറുക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ കേസുകൾ തേച്ച് മായ്ച്ച് കളയുന്നതായും പരാതിയുണ്ട്. നടപടി ക്രമങ്ങൾ തുടങ്ങിയതായി പോലീസ് അറിയിച്ചു.